കുട്ടികളുടെ ഹാജർ ഇനി പഞ്ചിങ് യന്ത്രം നോക്കും
text_fieldsപാണ്ടനാട് ഗവ.ജെ.ബി.എസ് സ്കൂളിൽ പഞ്ചിങ് യന്ത്രത്തിൽ ഹാജർ രേഖപ്പെടുത്തുന്ന വിദ്യാർഥിനി
ചെങ്ങന്നൂർ: കുട്ടികളുടെ ഹാജർ ഇനി പഞ്ചിങ് മെഷീൻ നോക്കും. ഹാജർ ബുക്ക് പഴങ്കഥയാക്കി പാണ്ടനാട് ഗവ. ജെ.ബി.എസ് സ്കൂളിലാണ് പഞ്ചിങ് യന്ത്രം സ്ഥാപിച്ചത്. വിരലടയാളം പതിപ്പിക്കുന്നതിന് പകരമായി കുട്ടികളുടെ ഐ.ഡി കാർഡിലെ ചിപ്പ് ഘടിപ്പിച്ച ഭാഗം പഞ്ചിങ് യന്ത്രത്തിലമർത്തിയാലുടൻ സ്കൂളിലെത്തിയ വിവരം രക്ഷിതാക്കളുടെ ഫോണിൽ സന്ദേശമായെത്തും. വരുന്നതും പോകുന്നതും ഇതുവഴിയറിയാൻ സാധിക്കും.
ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലായി കഴിഞ്ഞ അധ്യയനവർഷം വരെ 17 കുട്ടികളെ ഉണ്ടായിരുന്നുള്ളു. അഞ്ചാം ക്ലാസുകാർ വിട്ടുപോയെങ്കിലും ഇക്കുറി 24 കുട്ടികളുണ്ട്. നാല് അധ്യാപകരുടെ ആലോചനയിൽ ഉടലെടുത്ത പുതിയആശയ സാക്ഷാത്കാരത്തിന് 25,000രൂപ കണ്ടെത്തിയത് അധ്യാപകരും ജീവനക്കാരും ചേർന്നാണ്. മറ്റു സ്കൂളുകളിൽ ഇല്ലാത്ത സൗകര്യങ്ങളുണ്ടെങ്കിൽ മാത്രമേ കുട്ടികൾ എത്തൂവെന്ന ചിന്തയിലാണ് ഇതിന് തുടക്കമിട്ടത്.
ഇതിനൊപ്പം ക്ലാസ് മുറികളും സ്മാർട്ടാണ്. പുതിയ സംവിധാനങ്ങൾ കാലോചിതമായി ഏർപ്പെടുത്തിയാൽ മാത്രമേ വിദ്യാഭ്യാസ രംഗത്ത് പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂവെന്ന് എട്ടര വർഷമായി പ്രഥമാധ്യാപകൻ കൊല്ലം ശാസ്താംകോട്ട സ്വദേശി എച്ച്.ആർ. ജലീൽ 'മാധ്യമ'ത്തോട് പറഞ്ഞു.