വയോധികയെ ആക്രമിച്ച് മോഷണശ്രമം: മുൻ ജോലിക്കാരൻ പിടിയിൽ
text_fieldsചെങ്ങന്നൂർ: വയോധിക തനിച്ച് താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ മുൻ ജോലിക്കാരനെ പൊലീസ് പിടികൂടി. നെടുവരംകോട് തയ്യിൽ സാറാമ്മ വർഗീസിെൻറ (70) വീട്ടിൽ മോഷണശ്രമം നടത്തിയ ആലാ നെടുവരംകോട് സ്വദേശി ഊരാളി സുനിലിനെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 21ന് രാത്രി 7.30ന് ടി.വി കണ്ടുകൊണ്ടിരിക്കെ സുനിൽ അടുക്കള വാതിലിലൂടെ മുറിയിലെത്തി. അലമാര തുറക്കാനുള്ള ശ്രമത്തിനിെട ശബ്ദംകേട്ട് സാറാമ്മ മുറിയിലെത്തി. ഇലക്ട്രിക് ബാറ്റുകൊണ്ട് സാറാമ്മ സുനിലിനെ ശക്തമായി അടിച്ചു. ബാറ്റിൽനിന്ന് ഷോക്കേറ്റ് വീണ സുനിൽ എഴുന്നേറ്റ് സാറാമ്മയെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെട്ടു. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സാറാമ്മയുടെ വീട്ടിലെ ജോലിക്കാരനായിരുന്ന സുനിൽ രണ്ടുവർഷം മുമ്പ് ഇവിടെനിന്ന് മാല മോഷ്ടിച്ചിട്ടുണ്ട്. അന്ന് പിടികൂടിയെങ്കിലും ക്ഷമപറഞ്ഞതിനാൽ കേസ് നൽകിയിരുന്നില്ല. ചോദ്യം ചെയ്യലുകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

