തയ്യിൽപ്പടി ജങ്ഷനിൽ അപകടങ്ങൾ പതിവാകുന്നു
text_fieldsകഴിഞ്ഞ ദിവസം ഉത്തരപ്പള്ളിയാറ്റിലേക്ക് മറിഞ്ഞ കാർ
ചെങ്ങന്നൂർ: നാലു ദിശകളിലേക്കും റോഡുകൾ കടന്നുപോകുന്ന ആലാ പഞ്ചായത്ത് ഒമ്പതാം വാർഡിലെ പെണ്ണുക്കര തയ്യിൽപ്പടി ജങ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ഉത്തരപ്പള്ളിയാറിലേക്കു കാർ നിയന്ത്രണം തെറ്റി വീണുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടു മാത്രം.
കോടു കുളഞ്ഞി പാറേടത്ത് മനു ഭവനത്തിൽ മോഹനകുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപെട്ടത്. മോഹനകുമാറും മകനും കോടുകുളഞ്ഞിയിൽനിന്നും ചെറിയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. നാൽക്കവലയിൽനിന്ന് തിരിഞ്ഞ് ആലാ വഴിയിലേക്ക് വഴിമാറിപ്പോയതിനെ തുടർന്ന് വാഹനം പിറകോട്ട് എടുക്കുമ്പോഴാണ് ഉത്തരപ്പള്ളിയാറിലേക്ക് പതിച്ചത്. കാറിന്റെ പകുതിയിലേറെ ഭാഗം വെള്ളത്തിൽ മുങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഇരുവരെയും കരക്കെത്തിച്ചത്. ക്രെയിനെത്തിച്ചാണ് കാറ് പൊക്കിയെടുത്തത്.റോഡിന് സമാന്തരമായി ഏകദേശം ഏട്ട് കിലോമീറ്ററോളം ദൂരം നീളത്തിലാണ് ഉത്തരപ്പള്ളിയാറുള്ളത്. റോഡിനും അടുത്തുള്ള കലുങ്കിനും കൈവരികളില്ലാത്തതാണ് പ്രധാന കാരണം. ആറിലധികം വാഹനങ്ങൾ അടുത്തിടെയായി ഉത്തരപ്പള്ളിയാറിലേക്ക് പതിച്ചിട്ടുണ്ട്. സ്ഥലം പരിചയമില്ലാത്തവർക്കും കൈവരി ഇല്ലാത്തത് വലിയൊരു ഭീഷണി തന്നെയാണ്. റോഡിന് സമാന്തരമായി എട്ടു കിലോമീറ്ററോളം ബാരിക്കേഡ് നിർമിക്കേണ്ടതായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

