ജില്ലയിലെ പക്ഷി കുടുംബത്തിലേക്ക് പുതിയ അതിഥി
text_fieldsതവിടൻ ഇലക്കുരുവി
ചെങ്ങന്നൂർ: ജില്ലയിലെ പക്ഷി കുടുംബത്തിലേക്ക് പുതിയ അതിഥികൂടി എത്തി. ആലപ്പുഴ ജില്ലയിൽ ഇതുവരെ കണ്ടെത്തിയ 317 പക്ഷികളുടെ കൂട്ടത്തിലേക്ക് മാന്നാർ കുരട്ടിശ്ശേരി പാവുക്കര കുടവള്ളാരി പാടശേഖരത്തിൽ നിന്നാണ് പുതിയ ഒരു പക്ഷിയെ കണ്ടെത്തിയത്. തവിടൻ ഇലക്കുരുവിയെയാണ് (Dusky Warbler -ശാസ്ത്രീയ നാമം Phylloscopus fuscatus) കണ്ടെത്തിയത്.
കേരളത്തിലെ പ്രമുഖ പക്ഷി നിരീക്ഷകനായ ഹരികുമാർ മാന്നാറാണ് ഇതിനെ കണ്ടെത്തിയത്. കേരളത്തിൽ മുമ്പ് രണ്ടുതവണ മാത്രമാണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്. എറണാകുളത്ത് കടമക്കുടിയിൽ 2019ലും തൃശൂർ ആലപ്പാട് കോൾനിലത്തിൽ 2020ലും ഇതിനെ കണ്ടിരുന്നു. സൈബീരിയയുടെ മധ്യകിഴക്കൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന ഈ പക്ഷി ശൈത്യകാലത്ത് ദേശാടനം നടത്തുന്നവയാണ്. ഈ സമയത്ത് അസം, പശ്ചിമബംഗാൾ, ബിഹാർ തുടങ്ങിയ വടക്ക്, വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് ഇന്ത്യയിൽ ഇവയെ കാണാറുള്ളത്.
ഭക്ഷണം പ്രാണികളാണെങ്കിലും ചെറിയ പഴങ്ങളും കഴിക്കും. അടയാളങ്ങളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾഭാഗവും മങ്ങിയ അടിവശവും തിരിച്ചറിയാവുന്ന വിധമുള്ള വെള്ളപ്പുരികവും കനം കുറഞ്ഞ് കൂർത്ത കൊക്കുമാണ് രൂപം. 11-12 സെ.മീ. നീളവും 8.5-13.5 ഗ്രാം ഭാരവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

