നഗരസഭ ചാത്തനാട് ‘പാർക്ക്’ ഒരുവഴിക്കായി
text_fieldsആലപ്പുഴ ചാത്തനാട് പാർക്കിന് നടുവിലെ പായൽ നിറഞ്ഞ കുളം. സമീപത്തായി മണ്ഡപവും കാണാം
ആലപ്പുഴ: ഒന്നരവർഷം മുമ്പ് തുറന്ന തോണ്ടൻകുളങ്ങരയിലെ നഗരസഭയുടെ ചാത്തനാട് പാർക്കിലേക്ക് ആളുകൾ എത്താറില്ല. നഗരത്തിൽനിന്ന് തിരക്കൊഴിഞ്ഞ സ്ഥലത്തായിട്ടുപോലും ആരും വരാത്തതിന്റെ കാരണം എന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. ശോച്യവസ്ഥ.
ശൗചാലയത്തിലെ പൈപ്പുകളും ഫ്ലഷുമൊക്കെ സാമൂഹികവിരുദ്ധർ അടിച്ചുതകർത്തു. പടിയിലെ ടൈൽ പൊട്ടി. മൂന്ന് ശൗചാലയമുള്ളതിൽ ഒരെണ്ണം പോലും ഉപയോഗിക്കാനാവില്ല. ഒരു ശൗചാലയത്തിലെ ഫ്ലഷ് പൊളിഞ്ഞുതാഴെ കിടക്കുന്നു. പൈപ്പുകൾ പലതുമില്ല. ഉള്ള പൈപ്പിലാവട്ടെ വെള്ളമില്ല. അടക്കാൻ വാതിലിന് കൊളുത്തില്ല. തറയാകെ അഴുക്ക് പിടിച്ചുകിടക്കുകയാണ്. പാർക്കിന്റെ പുറകുവശത്തും ശൗചാലയത്തിന് ചുറ്റും കാടുപിടിച്ചാണ് കിടക്കുന്നത്.
നടുവിലെ ജലധാരതീർക്കുന്ന കുളം കാഴ്ചയിൽ സുന്ദരമാണ്. എന്നാൽ പായലും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞ് മലിനമാണ്. കുളത്തിനോട് ചേർന്ന നടപ്പാതയിലെ കട്ടകളും ഇളകിയിട്ടുണ്ട്. വിശ്രമിക്കാനായി പലയിടത്തും ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും കൃത്യമായ പരിപാലനമില്ല. കുട്ടികൾക്കായി കളി ഉപകരണങ്ങൾ ഒന്നുപോലുമില്ല.
മരങ്ങളുടെ തണലും കുളിർമയുമേകുന്ന പാർക്കിന്റെ വാതിൽ കടന്ന് അകത്ത് കടക്കുന്നത് ടൈൽ പാകിയ നടപ്പാതയിലാണ്. ഇരിക്കാൻ ബെഞ്ചുകളും കൂട്ടം കൂടിയിരുന്ന് പരിപാടികൾ നടത്താൻ മണ്ഡപവുമുണ്ട്-ഇതെല്ലാം ഉണ്ടായിട്ടാണ് ഈദുർഗതി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമിടാൻ ഒരു ചവറ്റുകുട്ടപോലും നഗരസഭയുടെ വകയായിട്ടില്ല. ഇതിനൊപ്പം നിരീക്ഷണ കാമറയുമില്ല. ശൗചാലയമുണ്ടെങ്കിലും അത് ഉപയോഗിക്കാൻ കഴിയാത്തതിനാൽ ആരും ഇവിടേക്ക് വരാറില്ലെന്ന് സമീപവാസികൾ പറഞ്ഞു. അമൃത് പദ്ധതിയിൽ 80 ലക്ഷം രൂപ മുടക്കിയാണ് പാർക്ക് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

