ബസിൽ പെൺകുട്ടിയെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ
text_fieldsആഷിഖ്
ചാരുംമൂട്: സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ. പഴകുളം പള്ളിക്കൽ കോട്ടപ്പുറം പള്ളി കിഴക്കതിൽ വീട്ടിൽ ആഷിഖിനെയാണ് (25) നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പ് മാവേലിക്കര -പന്തളം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് ദുരനുഭവമുണ്ടായത്. പെൺകുട്ടി ഇരുന്ന സീറ്റിന് പുറകുവശത്തെ സീറ്റിലിരുന്ന് പെൺകുട്ടിയെ നിരന്തരമായി ശല്യംചെയ്യുകയായിരുന്നു.
പ്രതികരിച്ചതോടെ മദ്യലഹരിയിലായിരുന്ന പ്രതി പെൺകുട്ടിയുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ ബസിൽനിന്ന് പിടിച്ചിറക്കിവിടുകയുമായിരുന്നു. എന്നാൽ, ബസ് ജീവനക്കാർ പൊലീസിൽ അറിയിച്ചില്ല. തുടർന്ന് പെൺകുട്ടി നൂറനാട് പൊലീസിൽ പരാതിനൽകി. കൊല്ലം ചിന്നക്കടയിൽ ലോഡ്ജിൽനിന്നാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

