വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി; ഗ്രീൻ ഫോറസ്റ്റ് ഉദ്ഘാടനം നാളെ
text_fieldsതാമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയുടെ ഭാഗമായി ജലയാത്രക്കായി സജ്ജമാക്കിയ ബോട്ടും കുട്ടവഞ്ചിയും
ചാരുംമൂട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും താമരക്കുളം പച്ചക്കാട് ഫാർമേഴ്സ് ക്ലബും സംയുക്തമായി നടപ്പാക്കുന്ന വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയായ ‘ഗ്രീൻ ഫോറസ്റ്റ്’ വ്യാഴാഴ്ച വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
വാട്ടർ ടൂറിസം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഡി.ടി.പി.സിക്ക് കീഴിൽ സ്വകാര്യ സംരംഭകരെ കൂടി പങ്കാളികളാക്കി സർക്കാർ ടൂറിസം പദ്ധതികൾ വിപുലമാക്കുന്നതെന്നും വയ്യാങ്കരച്ചിറയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ടു കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവച്ചിട്ടുണ്ടെന്നും എംഎൽ.എ പറഞ്ഞു. ക്ലബ് പ്രസിഡന്റ് കെ. ശിവൻകുട്ടി, സെക്രട്ടറി പ്രതീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

