ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ മോഷണം: പ്രതി അറസ്റ്റിൽ
text_fieldsപ്രതിയെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുന്നു
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും ഘടക സ്ഥാപനങ്ങളിലും മോഷണം നടത്തിയ കേസിൽ കൊല്ലം മങ്ങാട് കണ്ടച്ചിറ ഭാഗം ഇലയാട്ടുവിള വീട്ടിൽ ജോസിനെ (മുട്ടജോസ് - 50) ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരം നൂറനാട് എസ്.എച്ച്.ഒ ശ്യാം മുരളിയും സംഘവും അറസ്റ്റ് ചെയ്തു.കറ്റാനത്തിനു സമീപം വെട്ടിക്കോട് ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
ശനിയാഴ്ച രാവിലെ 10 ഓടെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ഒരാഴ്ച മുമ്പാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ മോഷണം നടന്നത്. ഘടക സ്ഥാപനങ്ങളായ കാന്റീൻ, കറി പൗഡർ യൂനിറ്റ് എന്നിവിടങ്ങളിൽ നിന്നായി 15000 ഓളം രൂപയാണ് മോഷ്ടിച്ചത്. ഓഫിസിലെ സി.സി.ടി.വിയുടെ ഡി.വി.ആറും, ഹാർഡ് സിസ്‌കും അഴിച്ചുമാറ്റിയിരുന്നു. ഓഫിസിലെ അലമാരകളും മേശകളും കുത്തിത്തുറന്ന നിലയിലായിരുന്നു. അന്വേഷണഭാഗമായി ഓഫിസ് പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
എന്നാൽ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും ശനിയാഴ്ച രാത്രി നടത്തിയ പരിശോധനക്കിടെ അറസ്റ്റ് ചെയ്തതും. സംസ്ഥാനത്തെ 15 ഓളം സ്റ്റേഷൻ പരിധികളിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയായ ജോസ് ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ എസ് .മിഥുൻ, കെ. സുരേഷ് ബാബു, എ.എസ്.ഐ പ്രതാപ് ചന്ദ്ര മേനോൻ, എസ്.സി.പി.ഒമാരായ വിമൽ, ജയേഷ്, ജംഷാദ്, മനുകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

