താമരക്കുളത്തിെൻറ എസ്.ഐമാർ ഒരേദിവസം പടിയിറങ്ങി
text_fieldsറഹ്മാബീവി, ഉണ്ണികൃഷ്ണൻ നായർ
ചാരുംമൂട് (ആലപ്പുഴ): താമരക്കുളത്തിെൻറ എസ്.െഎമാർ അഭിമാനത്തോടെ പടിയിറങ്ങി. കുറത്തികാട് എസ്.ഐ ഉണ്ണികൃഷ്ണൻ നായർ, നൂറനാട് എസ്.ഐ റഹ്മാബീവി എന്നിവരാണ് തിങ്കളാഴ്ച സർവിസിൽനിന്ന് വിരമിച്ചത്. താമരക്കുളം മേക്കുംമുറി പ്രദേശത്തെ താമസക്കാരും സുഹൃത്തുക്കളുമായ ഇവർ പൊലീസ് കോൺസ്റ്റബിൾമാരായാണ് ജോലിയിൽ പ്രവേശിച്ചത്.
1988ൽ തിരുവനന്തപുരം സിറ്റി എ.ആർ കോൺസ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഉണ്ണികൃഷ്ണൻ നായർ 33 വർഷത്തെ സേവനത്തിനുശേഷമാണ് സേനയിൽനിന്ന് വിരമിച്ചത്. നിരവധി കേസുകളുടെ അന്വേഷണഭാഗമായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രശംസ നേടി.
ആറുമാസം മുമ്പ് രാത്രി കെ.പി റോഡിലൂടെ കാറിൽ കടത്തുകയായിരുന്ന അരക്കോടി വിലവരുന്ന കഞ്ചാവ് അതിസാഹസികമായി പിടികൂടിയത് ഉണ്ണികൃഷ്ണൻ നായരുടെ പൊലീസ് ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവമായിരുന്നു.
കേരള പൊലീസ് വനിത ബാച്ചിൽ കോൺസ്റ്റബിളായിട്ടായിരുന്നു എസ്.ഐ. റഹ്മാബീവിയുടെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. 31 വർഷത്തെ സർവിസിൽ സുപ്രധാനമായ നിരവധി കേസുകളുടെ അനേഷണഭാഗമായി പ്രവർത്തിക്കാനും പ്രശംസ നേടാനും കഴിഞ്ഞു.

