പെൺകുട്ടിയെ ശല്യം ചെയ്തു; ചോദ്യം ചെയ്ത സഹോദരനുനേരെ വധശ്രമം
text_fieldsസഹോദരനുനേരെ വധശ്രമം
ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെതിരെ വധശ്രമം. മൂന്നുപേർ അറസ്റ്റിൽ. കൃഷ്ണപുരം പുള്ളിക്കണക്ക് പുത്തൻകണ്ടത്തിൽ വീട്ടിൽ ആദിൽ (19), ചുനക്കര തെക്ക് ആര്യാട് വീട്ടിൽ അജിത് (19), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: നൂറനാട് സ്വദേശിനിയെ കുറച്ചുനാളായി ആദിൽ ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ പെൺകുട്ടി വീട്ടിൽ പറഞ്ഞു. വീട്ടുകാർ വിവരം ആദിലിന്റെ രക്ഷിതാക്കളെ അറിയിച്ചു.
എന്നാൽ, ശല്യം കൂടുകയായിരുന്നു. ഇതിനിടെ, ആദിൽ ബൈക്കിലെത്തി പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് പരിഭ്രാന്തിയുണ്ടാക്കി. സഹോദരൻ ഇത് ചോദ്യം ചെയ്തു. മടങ്ങിപ്പോയ ആദിൽ കൂട്ടുകാരെയും കൂട്ടി ആയുധങ്ങളുമായെത്തി പെൺകുട്ടിയുടെ സഹോദരനെ ആക്രമിക്കാൻ ശ്രമിച്ചു.

