കസ്റ്റഡിയിലെടുത്ത പ്ലസ് വൺ വിദ്യാർഥിക്ക് സ്റ്റേഷനിലെ അപകടത്തിൽ പരിക്ക്
text_fieldsചാരുംമൂട്: നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് വൺ വിദ്യാർഥിക്ക് സ്റ്റേഷനിലുണ്ടായ അപകടത്തിൽ പരിക്ക്. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്ക് പരാതി. ചുനക്കര കോമല്ലൂർ സ്വദേശിയുടെ മകനായ 16കാരനാണ് പരിക്കേറ്റത്. സ്റ്റേഷൻ നിർമാണജോലികൾ നടക്കുന്നതിനിടെ കട്ടിങ് യന്ത്രത്തിൽനിന്ന് ബ്ലേഡ് തെറിച്ചുവീണ് അപകടമുണ്ടായതെന്നാണ് വിവരം. മുഖത്തും വായിലുമായി 15ലധികം തുന്നലുള്ള വിദ്യാർഥി ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് 5.30നാണ് ചാരുംമൂട്ടിൽ ട്യൂഷന് വന്നപ്പോഴാണ് 16കാരനെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികൾ തമ്മിൽ തല്ലുണ്ടായതിന്റെ പേരിൽ നിരപരാധിയായ തന്റെ മകനെ കസ്റ്റഡിയിലെടുത്തുവെന്നാണ് പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. സ്റ്റേഷനിലായ മകനെ ഇറക്കാൻ സി.പി.എം നേതാക്കൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ, സി.ഐയും എസ്.ഐയും വരാതെ വിടാൻ കഴിയില്ലെന്നാണ് പൊലീസുകാർ പറഞ്ഞത്. രാത്രി 8.30 വരെ ഉയർന്ന ഉദ്യോഗസ്ഥർ എത്തിയില്ല. സ്റ്റേഷനുമുന്നിൽ കാത്തുനിൽക്കുമ്പോഴാണ് നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് മകന്റെ നിലവിളി കേട്ടത്. ഓടിച്ചെല്ലുമ്പോൾ മുഖമാകെ ചോരയിൽ മുങ്ങിയ മകനെയാണ് കണ്ടതെന്നും പരാതിയിൽ പറയുന്നു. കെട്ടിടത്തിന് മുകളിൽനിന്ന് മൂർച്ചയുള്ള സാധനം മകന്റെ മുഖത്ത് പതിച്ചാണ് പരിക്കേറ്റതെന്നും ആശുപത്രിയിലെത്തിക്കാൻ പൊലീസിന്റെ സഹായമുണ്ടായില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

