ലോറി പാഞ്ഞുകയറി തട്ടുകട തകർന്നു
text_fieldsചാരുംമൂട്: ഇറച്ചിക്കോഴി കയറ്റിവന്ന ലോറി പാഞ്ഞുകയറി തട്ടുകട തകർന്നു. വശത്തേക്ക് മറിഞ്ഞ ലോറി ഡ്രൈവർ ശ്യാമും ക്ലീനർ സിദ്ധാർഥും അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം-തേനി ദേശീയപാതയിൽ താമരക്കുളം നെടിയാണിക്കൽ ക്ഷേത്ര ജങ്ഷനിലെ വളവിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
തൊടുപുഴയിൽന്ന് ഇറച്ചിക്കോഴി കയറ്റി കൊല്ലത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ തട്ടിയ ശേഷം തട്ടുകട ഇടിച്ചുതകർത്താണ് മറിഞ്ഞത്. നിരവധി കോഴികൾ ചത്തു. താമരക്കുളം വാലുപറമ്പിൽ തുളസിയുടെ വീടിനോട് ചേർന്നുള്ള തട്ടുകടയാണ് പൂർണമായി തകർന്നത്. ഗ്യാസ് സിലിണ്ടർ സ്റ്റൗ എന്നിവയും കടയിലുണ്ടായിരുന്നു. വാഹനം ഇടതുവശത്തേക്ക് അൽപംകൂടി മാറിയിരുന്നെങ്കിൽ രണ്ടു വീടുകൾ തകർന്നേനെ.
അസേതമയം, വാഹനം വളവിലെത്തിയപ്പോൾ നായ് കുറുകെ ചാടിയതാണ് അപകടകാരണമെന്നാണ് ഡ്രൈവർ പറഞ്ഞു. സംഭവമറിഞ്ഞ് നൂറനാട് പൊലീസും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി. പൊലീസ് നിർദേശപ്രകാരം കോഴികളെ മറ്റൊരു ലോറിയിലേക്ക് മാറ്റുകയും ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കുകയും ചെയ്തു. തുളസിയുടെ ഉപജീവനമാർഗമായ തട്ടുകട നാല് മാസം മുമ്പ് കാറ്റിലും മഴയിലും മരം വീണ് തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

