തിയറ്ററിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെയും കുടുംബത്തെയും അപമാനിച്ചു; രണ്ടുപേർ അറസ്റ്റിൽ
text_fieldsസിനിമ കാണാനെത്തിയ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെയും
കുടുംബത്തെയും അവഹേളിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു
തിയറ്ററിലേക്ക് നടത്തിയ മാർച്ച്
ചാരുംമൂട്: സിനിമ കാണാനെത്തിയ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെയും മാതാപിതാക്കളെയും നൂറനാട്ടെ സ്വാതി തിയറ്ററിൽ അപമാനിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. തിയറ്റർ മാനേജർ അൻവർ സാദത്ത്, മകൻ അമൻ എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് കഴിക്കാൻ കൊണ്ടുവന്ന സ്നാക്സും ചൂടുവെള്ളവും തിയറ്ററിനകത്ത് കൊണ്ടുപോകുന്നത് തടയുകയും ജനമധ്യത്തിൽ അപമാനിച്ചതായുമാണ് പരാതി.
സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തിയറ്ററിലേക്ക് മാർച്ചും പ്രതിഷേധ യോഗവും നടത്തി. പാറ ജങ്ഷനിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. കെ.എസ്.യു ജില്ല പ്രസിഡന്റ് നിധിൻ പുതിയിടം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പത്തിശേരിൽ അധ്യക്ഷത വഹിച്ചു. പി.ബി. ഹരികുമാർ, തൻസീർ കണ്ണനാകുഴി, രതീഷ് കുമാർ കൈലാസം, റെജിൻ എസ്. ഉണ്ണിത്താൻ, സുഹൈൽ വള്ളികുന്നം, ശ്രീകുമാർ അളകനന്ദ, റെനി തോമസ്, മുത്താര രാജ്, ഷേക് ഫയാസ്, സക്കീർ, ഷാൻ ചാരുംമൂട്, സജു സലീം, സിയോൺ ഷാജി എന്നിവർ പങ്കെടുത്തു.

