ആലപ്പുഴ കലക്ടറുടെ മാറ്റം; ജോയന്റ് കൗൺസിലിന്റെ ഇടപെടലെന്ന്
text_fieldsജോൺ വി. സാമുവൽ
ആലപ്പുഴ: കലക്ടറായിരുന്ന ജോൺ വി. സാമുവലിനെ അടിയന്തരമായി മാറ്റിയതിനെച്ചൊല്ലി വിവാദം. സി.പി.ഐ അനുകൂല സർവിസ് സംഘടനയായ ജോയന്റ് കൗൺസിലിന്റെ ഇടപെടലാണ് കലക്ടറുടെ മാറ്റത്തിന് പിന്നിലെന്നാണ് ആരോപണം. വ്യാഴാഴ്ച അർധരാത്രിയാണ് ഉത്തരവിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വരാനിരിക്കെയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് കലക്ടറെ മാറ്റി ഉത്തരവിറക്കിയത്. പകരം നിയമനംപോലും നൽകാതെയാണ് ജോൺ വി. സാമുവലിനെ മാറ്റിയത്. പകരക്കാരനായി അലക്സ് വർഗീസ് രാവിലെ ചാർജ് എടുക്കാൻ വന്നപ്പോഴാണ് ജോൺ വി. സാമുവൽ തന്നെ മാറ്റിയ വിവരം അറിയുന്നതെന്നും പറയുന്നു.
റവന്യൂവകുപ്പിലെ ജീവനക്കാരുടെ വിന്യാസത്തിൽ ജോയന്റ് കൗൺസിലിന്റെ തീട്ടൂരങ്ങൾ ചെവിക്കൊള്ളാതിരുന്നതാണ് ജോൺ വി. സാമുവലിന് വിനയായതെന്ന് കലക്ടറേറ്റിലെ ജീവനക്കാർ പറയുന്നു. വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിച്ചതിന്റെ പ്രതികാര നടപടിയായാണ് കലക്ടറെ മാറ്റിയതെന്ന് കോൺഗ്രസ് നേതാക്കളും ആരോപിക്കുന്നു.
ജോൺ വി. സാമുവലിനെ അപകീർത്തിപ്പെടുത്തും വിധം കഥകൾ ജീവനക്കാർക്കിടയിൽ പ്രചരിപ്പിക്കുന്നുമുണ്ട്. അതിനുപിന്നിലും ജോയന്റ് കൗൺസിലാണെന്ന് ഒരുവിഭാഗം ജീവനക്കാർ പറയുന്നു. 2023 ഒക്ടോബർ 19നാണ് ജോൺ വി. സാമുവൽ കലക്ടറായി ചുമതലയേറ്റത്. ക്രമക്കേട് കാണിച്ച ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. വ്യാപകമായി വ്യാജന്മാരെ ചേര്‍ക്കുകയും തങ്ങളുടെ പാര്ട്ടിയിലല്ലാത്തവരുടെ പേരുകള്‍ വോട്ടേഴ്സ് ലിസ്റ്റില്‍നിന്ന് നീക്കിയതും കലക്ടര്‍ കണ്ടെത്തി. ജീവനക്കാരുടെ നിരുത്തരവാദപരമായ നടപടികളിൽ കർശന നിലപാടുകൾ സ്വീകരിച്ചിരുന്നു. കലക്ടറുടെ ഓഫിസിലെ ചില ജീവനക്കാരെ മാറ്റി പകരം തന്റെ വിശ്വസ്തരെ നിയമിച്ചു.
ജോയന്റ് കൗൺസിലിന്റെ നേതാക്കളുമായി സ്വര ചേർച്ചയിലായിരുന്നില്ല. എൻ.ജി.ഒ യൂനിയനുമായും ജോൺ വി. സാമുവലിന് ഭിന്നതകളുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള പരാതികൾ ജോയന്റ് കൗൺസിൽ റവന്യൂമന്ത്രിയുടെ പക്കൽ എത്തിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന്റെയും സമ്മർദത്തെ തുടർന്നാണ് ഒറ്റ രാത്രികൊണ്ട് കലക്ടറെ മാറ്റി മന്ത്രി ഉത്തരവിറക്കിയതെന്ന് അറിയുന്നു. നവകേരള സദസ്സുമായി ബന്ധപ്പെട്ടും യൂനിയൻ നേതാക്കളുമായി ജോൺ വി. സാമുവൽ ഇടഞ്ഞിരുന്നു.
സർവിസിലെ സീനിയോറിറ്റി അടിസ്ഥാനമാക്കി ഐ.എ.എസ് നേടിയ ആളായതിനാൽ അദ്ദേഹത്തെ അംഗീകരിക്കുന്നതിൽ കീഴ്ജീവനക്കാർ വൈമനസ്യം കാട്ടിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍മാരും കലക്ടര്‍ക്ക് എതിരായി റിപ്പോര്‍ട്ട് നല്‍കിയതായി പറയുന്നു. ഇത്തരം റിപ്പോർട്ട് ഉണ്ടെങ്കിൽ അത് ദുരൂഹമാണെന്ന് യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എ. ഷുക്കൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

