ചാമ്പ്യന്‍സ് ബോട്ട് ലീഗ്; സംഘാടനം ചോദ്യം ചെയ്യപ്പെടുന്നു
text_fieldsചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തിൽനിന്ന് (ഫയൽ ചിത്രം)
ആലപ്പുഴ: ഈ വർഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് സീസണിന് തിരശ്ശീല വീഴുമ്പോൾ അതിന്റെ സംഘാടനം ചോദ്യം ചെയ്യപ്പെടുന്നു. എറണാകുളം മറൈൻ ഡ്രൈവിലും കൊല്ലത്ത് നടന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തിനും കാണികൾ നന്നേ കുറവായിരുന്നു.
നെഹ്റു ട്രോഫി മുതൽ ഒന്നാം സ്ഥാനം കുത്തകയാക്കിയ വീയപുരത്തിനെ കൊല്ലത്ത് നടന്ന അവസാന മത്സരത്തിൽ പിന്നിലാക്കി നിരണം ചുണ്ടൻ പ്രസിഡന്റ്സ് ട്രോഫി കപ്പടിച്ചത് ഇത്തവണത്തെ സർപ്രൈസായി. പതിനൊന്നില്‍ ഒമ്പത് കളിയും വിജയിച്ച് പോയന്റ് നിലയില്‍ ഒന്നാമതെത്തിയ വീയപുരം നേരത്തേ തന്നെ ചാമ്പ്യന്‍ഷിപ് ഉറപ്പിച്ചിരുന്നു. അവസാന മത്സരങ്ങളിലാണ് നിരണം ചുണ്ടൻ മികച്ച ഫോമിലേക്ക് എത്തിയത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിൽ ഏറ്റവും കൂടുതല്‍ പോയന്റ് നേടി വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന് ചാമ്പ്യന്മാരായെങ്കിലും പ്രസിഡന്റ്സ് ട്രോഫിയിൽ ഹാട്രിക് നേടുകയെന്ന വീയപുരത്തിന്റെ പ്രതീക്ഷയാണ് നിരണം ചുണ്ടൻ തുഴഞ്ഞ നിരണം ബോട്ട് ക്ലബ് തകർത്തത്.
ഇത്ര വാശിയേറിയ മത്സരം കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് നടന്നിട്ടും കാണാൻ എത്തിയത് നാമമാത്രം ആൾക്കാരാണ്. എറണാകുളം മറൈൻഡ്രൈവിൽ നടന്ന മത്സരത്തിനും കാണികൾ കുറവായിരുന്നു. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിക്കാണ് കാണികളെ ആകർഷിക്കാൻ കഴിയാത്തത്. 10 കോടിയാണ് സി.ബി.എല്ലിനായി സർക്കാർ അനുവദിച്ചത്. കൈനകരി, താഴത്തങ്ങാടി, പിറവം, കോട്ടപ്പുറം, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കല്ലട, എറണാകുളം മറൈൻ ഡ്രൈവ്, കൊല്ലം ബോട്ട് ജെട്ടി എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ. ആലപ്പുഴ ജില്ലയിലെയും കോട്ടയം താഴത്തങ്ങാടിയിലെയും മത്സരങ്ങൾക്ക് ജനക്കൂട്ടമുണ്ടായിരുന്നു. എറണാകുളത്തും കൊല്ലത്തും ആളെക്കൂട്ടാൻ കഴിയാതിരുന്നത് പ്രചാരണത്തിലെ പിഴവ് മൂലമാണ്. അതിനാൽ വഴിപാട് കണക്കെയാണ് രണ്ടിടത്തും മത്സരങ്ങൾ നടന്നത്.
കൊല്ലം പ്രസിഡന്റ്സ് ട്രോഫി മത്സരം മുൻകാലങ്ങളിൽ സംഘടിപ്പിച്ചിരുന്നപ്പോൾ വൻ ജനാവലിയാണ് കാണാനെത്തിയിട്ടുള്ളത്. ഇത്തവണ കാണികളില്ലാതായത് സംഘാടനത്തിലെ പിടിപ്പുകേടാണെന്ന് അവിടത്തുകാർ പറയുന്നു. ജില്ലയിൽ കൈനകരി, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട് എന്നിവിടങ്ങളിൽ പരമ്പരാഗതമായി നടക്കുന്ന മത്സരങ്ങളായതിനാൽ അവ കാണാൻ ജനം എത്തി. മറ്റിടങ്ങളിൽ മത്സരം നടക്കുന്നത് അറിഞ്ഞത് വളരെ ചുരുക്കം പേർ മാത്രമാണ്. ആലപ്പുഴ ജില്ലയിൽ വള്ളംകളിയിൽ തൽപരരായ വലിയ സമൂഹമുണ്ട്. അതിനാലാണ് ഇവിടെ കാണികൾ വലിയതോതിൽ തടിച്ചുകൂടുന്നത്. മറ്റ് ജില്ലകളിൽ വള്ളംകളിയെ കൗതുക കാഴ്ചയായാണ് ഭൂരിഭാഗം പേരും കാണുന്നത്.
ഇത്ര വലിയ ചുണ്ടൻ വള്ളങ്ങൾ വാശിയേറിയ മത്സരം കാഴ്ചവെക്കുന്ന മേളയാണ് നടക്കുന്നത് എന്ന് ജനങ്ങളെ അറിയിക്കാൻ സംഘാടക സമിതിക്ക് കഴിയാതിരുന്നതിനാലാണ് അവിടങ്ങളിൽ കാണികൾ കുറഞ്ഞതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണം, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യവുമുയരുന്നു. വള്ളംകളി സംഘാടക സമിതിയിലുള്ളത് ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണെന്നും അവർക്ക് ഫീസ് പറ്റുന്നതിൽ മാത്രമാണ് താൽപര്യമെന്നും വിമർശനമുയരുന്നു. സ്റ്റാർട്ടേഴ്സിന്റെ പട്ടികയിലെ ചീഫ് സ്റ്റാർട്ടർ, ചീഫ് ട്രാക്ക് അമ്പയർ എന്നിവർ വി.ഐ.പി പവിലിയനിലാണ് ഇരിക്കുന്നത്. ഒരു മത്സരത്തിലും ഫീൽഡിൽ അവർ എത്തുന്നില്ലെന്ന് മത്സരിക്കുന്നവർ കുറ്റപ്പെടുത്തുന്നു. ഓരോ മത്സരം കഴിയുമ്പോഴും വള്ളംകളി ക്ലബുകൾ നഷ്ടത്തിലേക്ക് പോകുകയാണെന്നും സംഘാടക സമിതിക്കാർ സമ്പാദ്യമുള്ളവരായി മാറുകയാണെന്നും തുഴച്ചിലുകാർ പറയുന്നു.
കൊല്ലത്തും മറൈൻഡ്രൈവിലും നടന്ന മത്സരങ്ങളെ കുറിച്ച് വള്ളംകളിയിൽ തൽപരരായ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ മാത്രമാണ് പ്രചാരണമുണ്ടായിരുന്നത്. അവിടങ്ങളിലെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുകൾ മുൻകൈയെടുത്ത് വിപുലമായ സംഘാടക സമിതികൾ വിളിച്ചുചേർക്കാതിരുന്നതിനാലാണ് വിനോദസഞ്ചാര മേഖലക്ക് ഉണർവ് പകരുന്ന പരിപാടിയായി അവ മാറാതിരുന്നതിന് കാരണമെന്ന് വള്ളംകളി സംഘങ്ങൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

