മഴയിലും ചോരാത്ത ആവേശം; കായംകുളം കായലും കീഴടക്കി വീയപുരം
text_fieldsകായംകുളം ജലോത്സവത്തിൽ വീയപുരം ചുണ്ടൻ ഒന്നാമതായി കുതിക്കുന്നു
കായംകുളം: ജലരാജാക്കന്മാരുടെ വാശിയേറിയ പോരാട്ടത്തിൽ മഴയിലും ചോരാത്ത ആവേശവുമായി കായംകുളം കായലും കീഴടക്കി വീയപുരത്തിന്‍റെ കുതിപ്പ്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ അഞ്ചാം സീസണിലെ എട്ടാം മത്സരത്തിലാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാക്കളായത്. 5:04:145 മിനിറ്റിലാണ് ഇവർ തുഴഞ്ഞെത്തിയത്.
സി.ബി.എല്ലിലെ ഏറ്റവും വലിയ അട്ടിമറിക്ക് കളമൊരുങ്ങിയ മത്സരത്തില്‍ ഇമ്മാനുവേല്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുവിലേപറമ്പൻ രണ്ടാമതും നിരണം ചുണ്ടൻ മൂന്നാമതും എത്തി. തുഴക്കാരുടെ പേടിസ്വപ്നമായ കായംകുളം കായലിലെ അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞുള്ള മുന്നേറ്റമാണ് വീയപുരം കാഴ്ചവെച്ചത്.
ഹീറ്റ്സിലെ മികച്ച സമയത്തില്‍ ഇക്കുറി നടുവിലേപറമ്പന്‍ ഫൈനലില്‍ ഇടംപിടിച്ചപ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ലൂസേഴ്സ് ഫൈനല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മേൽപാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) നാല്, നടുഭാഗം ചുണ്ടന്‍ (പുന്നമട ബോട്ട് ക്ലബ്) അഞ്ച്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ആറ്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെ.സി.ബി.സി) ഏഴ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് പോയന്‍റ് നില.
കേന്ദ്രീയ വിദ്യാലയം ഡെപ്യൂട്ടി കമീഷണര്‍ സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി. യു. പ്രതിഭ എം.എല്‍.എ, മുന്‍ എം.എൽ.എ സി.കെ. സദാശിവന്‍, ടൂറിസം ജോയന്‍റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാര്‍, സി.ബി.എൽ കോഓഡിനേറ്റര്‍ ഡോ. അന്‍സാര്‍, ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ സി.വി. പ്രഭാത് തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജനപ്രതിനിധികളെ സംഘാടനത്തിൽനിന്ന് ഒഴിവാക്കിയതിന്‍റെ പോരായ്മകൾ മത്സരത്തെ ബാധിച്ചു. ഉദ്യോഗസ്ഥർ കാര്യങ്ങൾ കൈപ്പിടിയിൽ ഒതുക്കിയത് ജനപങ്കാളിത്തം കുറയാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

