‘കൊള്ളിമീൻ’ പോലെ ചുണ്ടനുകൾ...
text_fieldsപുന്നമട ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടന്‍റെ പരിശീലനത്തുഴച്ചിൽ, ചിത്രം മനു ബാബു
ആലപ്പുഴ: മുൻവർഷങ്ങളെ അപേക്ഷിച്ച് ട്രയൽപ്പോരിൽ മികച്ചസമയം കുറിച്ച് കൊള്ളിമീൻ വേഗത്തിലാണ് മിക്ക ചുണ്ടൻവള്ളങ്ങളും ജലവേദിയായ പുന്നമടയിലെ ട്രാക്കിലേക്ക് ഇടിച്ചുകയറിയത്. ചാമ്പ്യൻസ് ബോട്ട് ലീഗിൽ യോഗ്യത നേടാൻ തീപാറും പോരാട്ടം പുറത്തെടുക്കും. ഇത് നെഹ്റുട്രോഫി മത്സരത്തിന് കൂടുതൽ വീറും വാശിയുമുണ്ടാക്കും. ട്രാക്ക് എൻട്രിയിൽ പ്രമുഖ വള്ളങ്ങളും ക്ലബുകളും കുറിച്ച സമയം നോക്കുമ്പോൾ മില്ലിസെക്കൻഡ് വ്യത്യാസത്തിൽ മാത്രമേ ഫൈനലിൽ വിജയിയെ കണ്ടെത്താൻ കഴിയൂ. മികച്ച സ്റ്റാർട്ടിങ്ങും സമയത്തിന്‍റെ ആനുകൂല്യവും സഹായകരമാകും.
വീയപുരം, തലവടി, മേൽപാടം, നിരണം, നടുഭാഗം, അരോമ, ആർപ്പൂക്കര, പുണ്യാളൻ നിരണം അടക്കമുള്ള വള്ളങ്ങൾ തുഴയുന്ന ക്ലബുകളെല്ലാം മികച്ച ഫോമിലാണ്. അത് ഓളപ്പരപ്പിലെ സ്പീഡായി മാറും. കൊള്ളിമീന്‍ പോലെ, ചാട്ടുളി പോലെ, കരിനാഗം പോലെ തുടങ്ങിയ വേഗത്തിന്റെ വാക്പ്രയോഗങ്ങള്‍ ആരാധകരുടെ മനസ്സിൽ നിറക്കുന്നത് വള്ളത്തിന്റെ താളവും വേഗവുമെല്ലാമാണ്.
സമ്മാനത്തുക ഇരട്ടി; ഒന്നാംസ്ഥാനക്കാർക്ക് 25 ലക്ഷം
പോരിനിറങ്ങുന്ന ചുണ്ടൻവള്ളങ്ങൾക്ക് സമ്മാനത്തുക ഇരട്ടിയാക്കിയതിന്‍റെ ഉണർവ് വള്ളസമിതിക്കും ക്ലബുകൾക്കമുണ്ട്. ഇതിന്‍റെ പ്രയോജനം തുഴച്ചിലുകാർക്കുംലഭിക്കും. ഇത്തവണ ഒന്നാമത് എത്തുന്ന ചുണ്ടന് 25 ലക്ഷം രൂപയാണ് ലഭിക്കുക. ഇതിനൊപ്പം 8.25 ലക്ഷം ബോണസും കിട്ടും. രണ്ടാംസ്ഥാനത്തിന് 20 ലക്ഷവും മൂന്നാംസ്ഥാനത്തിന് 15 ലക്ഷവും നാലാംസ്ഥാനത്തിന് 10 ലക്ഷവുമാണ് സമ്മാനം. ഇവർക്കെല്ലാം 8.25 ലക്ഷംരൂപ ബോണസുമുണ്ടാകും.
അഞ്ച് മുതൽ ബാക്കിവരുന്ന സ്ഥാനങ്ങൾ സമാനരീതിയിൽ ബോണസ് മാത്രമാണ് ലഭിക്കുക. കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി തുകയാണ് വർധിച്ചത്. മാസ്ഡ്രില്ലിൽ മികവ് പുലർത്തുന്ന വള്ളത്തിന് ഒന്നാംസമ്മാനമായി 25,000 രൂപയും രണ്ടാംസ്ഥാനമായി 10,000 രൂപയും ലഭിക്കും. നെഹ്റുട്രോഫിയിൽ ഇത് ആദ്യമാണ്.
പുന്നമട കളറാകും
ചരിത്രത്തിലാദ്യമായി നെഹ്റുട്രോഫി വള്ളംകളി നടത്തുന്നത് ഇവന്‍റ് മാനേജ്മെന്റ് കമ്പനിയാണ്. നെഹ്റുട്രോഫി പവലിയൻ, സ്റ്റേജ്, പന്തൽ, ടിക്കറ്റ് കൗണ്ടർ, എൽ.ഇ.ഡി വാൾ, ശബ്ദസംവിധാനം, അലങ്കാരങ്ങൾ എന്നിവയെല്ലാം അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിന് ഉപയോഗിക്കുംവിധമാണ് സജ്ജമാക്കിയത്.
ഇതിനായി പ്രത്യേക കളർകോഡുമുണ്ട്. ഓറഞ്ചും വയലറ്റും പർപ്പിളും ചേർന്ന കളറാണ് ഉപയോഗിക്കുന്നത്. പ്രവേശന കവാടം മുതൽ ടിക്കറ്റ് വരെ എല്ലാ കാര്യത്തിലും ഇത് പ്രകടനമാകും. ജലവേദിയിൽ അപകടരഹിതമായ സുരക്ഷയൊരുക്കും.
വള്ളംകളിയുടെ ‘തലവര’ മാറ്റിയ ലീഗ്
കടബാധ്യതയിലും കഷ്ടപ്പാടിലും കുപ്പുകുത്തിയ വള്ളംകളി മേഖലയുടെ സംരക്ഷണത്തിനും തലവര മാറ്റാനും വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ 2019ലാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ തുടക്കം.
തുഴയെറിഞ്ഞ് പണം വാരമെന്ന ചിന്തയും ഉടലെടുത്തു. ഇതിന് പിന്നാലെയാണ് പരമ്പരാഗത വള്ളംകളിയുടെ രൂപവും ഭാവവും മാറിയത്. തോർത്തും മുണ്ടുമെല്ലാം മാറ്റി, തുഴച്ചിലുകാരുടെ മുഖ്യവേഷം ജഴ്സിയായി. പ്രഫഷനലിസത്തിലേക്കുള്ള ആദ്യചുവടുവെപ്പ് കൂടിയായിരുന്നു ഇത്. ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരക്കാൻ മികച്ച പരിശീലകരുടെ നേതൃത്വത്തിൽ തുഴച്ചിലുകാർക്ക് ശാസ്ത്രീയ പരിശീലനവും നൽകി. ഇതിനൊപ്പം ഓണക്കാലത്തെ പ്രാദേശിക വള്ളംകളികൂടി എത്തിയതോടെ ക്ലബുകൾ തമ്മിലെ മത്സരത്തിന് വീറും വാശിയും കൂടി.
സ്റ്റാർട്ടിങ് പോയന്‍റിൽ ഇലക്ട്രിക്ക് ഗൺ
മത്സരം ആരംഭിക്കുന്നതിന് മുമ്പ് വെടിയൊച്ച ശബ്ദം കേൾക്കാൻ ഇത്തവണ ഉപയോഗിക്കുന്നത് ഇലക്ട്രിക്ക് ഗൺ ആണ്. പുതിയ സാങ്കേതിക വിദ്യയുടെ ശബ്ദസംവിധാനം കോർത്തിണക്കിയാണിത്. 1,150 മീറ്ററാണ് ട്രാക്കിന്‍റെ നീളം. നാല് ട്രാക്കുകളായി 71 വള്ളങ്ങൾ മത്സരിക്കും. ട്രാക്ക് വേർതിരിക്കാൻ ഇടിക്കിടെ കൊടിനാട്ടിയ കുറ്റികളുണ്ടാകും. ഫിനിഷിങ് പോയന്‍റിൽ വള്ളങ്ങളുടെ സമയം കൃത്യമായി രേഖപ്പെടുത്താൻ വൈറ്റ്സോണും റെഡ്സോണും ക്രമീകരിച്ചിട്ടുണ്ട്. നഗ്നനേത്രങ്ങളേക്കാൾ കൃത്യത, ഫിനിഷിങ് സമയം എന്നിവ കാണികൾക്ക് തിരിച്ചറിയാൻ വലിയ എൽ.ഇ.ഡി സിഡ്പ്ലേ വാളും ക്രമീകരിച്ചു. ഇതോടെ, ജലോത്സവപ്രേമികളുടെ കണ്ണും കാതും കൂർപ്പിച്ചുള്ള കാത്തിരിപ്പിന് വിരാമമായി.
നെഹ്റുട്രോഫി വള്ളംകളി പ്രഫഷനൽ രീതിയിലേക്ക് മാറിയതിന്‍റെ ഭാഗമായി തയാറാക്കിയ ഓറഞ്ച്, വയലറ്റ്, പൾപ്പിൾ കളർകോഡിലെ തൊപ്പിയും ജഴ്സിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

