ചാമ്പ്യൻസ് ബോട്ട് ലീഗ് തീയതി പ്രഖ്യാപനം കാത്ത് ക്ലബുകൾ
text_fieldsആലപ്പുഴ: നെഹ്റുട്രോഫിക്ക് പിന്നാലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ നടത്താനുള്ള ബോർഡ് യോഗം അടുത്തയാഴ്ച ചേരും. യോഗത്തിൽ മത്സര തീയതി പ്രഖ്യാപനമുണ്ടാകുമെന്നാണ് ക്ലബുകളുടെ പ്രതീക്ഷ.
ഈവർഷം സി.ബി.എൽ ഉപേക്ഷിക്കില്ലെന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനമാണ് വള്ളംകളി പ്രേമികൾക്കും ക്ലബുകാർക്കും പ്രതീക്ഷയേകിയത്. മത്സരത്തിനായി 9.96 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഇതിൽ നാലുകോടിയോളം രൂപ മുൻവർഷത്തെ സമ്മാനത്തുകയും കുടിശ്ശികയും കൊടുത്തുതീർത്തു.
ബാക്കി തുകയിൽ സി.ബി.എൽ നടത്താൻ കഴിയാത്ത സാഹചര്യമാണ്. പരസ്യവരുമാനം കൂട്ടുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ഓരോ സീസണിലും അനുവദിക്കുന്ന ബജറ്റും ഗണ്യമായി കുറയുന്നുണ്ട്. ആദ്യസീസണിൽ 25 കോടിയും രണ്ടാംസീസണിൽ 15 കോടിയും മൂന്നാം 12 കോടിയുമാണ് അനുവദിച്ചത്. പരസ്യവരുമാനം നേടി ചാമ്പ്യൻഷിപ്പ് നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നെഹ്റു ട്രോഫിയിൽ മികച്ച സമയത്തിൽ ആദ്യ ഒമ്പത് സ്ഥാനംനേടിയ ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരക്കുക. കഴിഞ്ഞവർഷംവരെ 12 ഇടത്തായിരുന്നു മത്സരം. ഏറെ വൈകിയതിനാൽ വേദി ഒമ്പതാക്കി ചുരുക്കി നടത്താനും ആലോചനയുണ്ട്.
സി.ബി.എൽ വരവ് പ്രതീക്ഷിച്ച് ഈ മാസം ആറിന് നടത്താനിരുന്ന താഴത്തങ്ങാടി ജലോത്സവവും മാറ്റിവെച്ചിട്ടുണ്ട്. ക്ലബുകൾക്കുളള ബോണസും വിജയികൾക്കുള്ള സമ്മാനത്തുകയും ഉൾപ്പെടെ ആറു കോടി രൂപയോളം വേണ്ടിവരും. വയനാട് ദുരന്തപശ്ചാത്തലത്തിൽ നെഹ്റു ട്രോഫിയും സി.ബി.എല്ലും ഉപേക്ഷിക്കുകയായിരുന്നു.
വള്ളംകളി മേഖലയിൽ നിന്ന് വലിയ സമ്മർദമുണ്ടായതോടെ ആഗസ്റ്റിൽ നടക്കേണ്ട നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് സി.ബി.എൽ നാലാംസീസൺ ഉണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. ഡിസംബർ വരെയുള്ള സീസണിൽ ഇനി രണ്ടുമാസം മാത്രമാണ് ബാക്കി. അതിനാൽ ഈ മാസംതന്നെ പ്രഖ്യാപനമുണ്ടായേക്കും. സി.ബി.എൽ കലണ്ടർ നിലവിൽ വന്നാൽ എൻ.ടി.ബി.ആർ (നെഹ്റു ട്രോഫി ബോട്ട് റേസ്) സൊസൈറ്റിക്കും വള്ളംകളി മേഖലക്കും വലിയ ആശ്വാസമാകും. നെഹ്റുട്രോഫിക്കായി മത്സരിച്ച വള്ളങ്ങൾക്ക് ബോണസ് കൊടുക്കണമെങ്കിൽ 1.8 കോടി രൂപ വേണം. സി.ബി.എൽ നടത്തുകയാണെങ്കിൽ 1.25 കോടി മതിയാകും. കാരണം, സി.ബി.എല്ലിൽ പങ്കെടുക്കുന്ന ഒമ്പത് വള്ളങ്ങളുടെ ബോണസ് സി.ബി.എൽ സംഘാടകർ നൽകും.
വരുമാനക്കണക്കിൽ സി.ബി.എല്ലാണ് വള്ളംകളി മേഖലയുടെ നട്ടെല്ല്. വലിയ സമ്മാനത്തുകയും പങ്കെടുത്താൽ കിട്ടുന്ന തുകയുമാണ് ക്ലബുകാരുടെയും ചുണ്ടൻവള്ള സമിതിയുടെയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

