കടൽ മണൽ വിൽപനക്ക് കേന്ദ്രനീക്കം: തീരദേശത്തിന് തിരിച്ചടി
text_fieldsആലപ്പുഴ: കടൽ മണൽ വിൽക്കാനുള്ള കേന്ദ്രനീക്കം തീരദേശത്തിന് തിരിച്ചടിയാകും. മത്സ്യസമ്പത്തിനെയും ബാധിക്കും. തീരത്തെയും പുറംകടലിലെയും മണൽ ഖനനം നടത്തി വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനമാണ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ദോഷമാകും.
കൊല്ലം വടക്ക്, തെക്ക്, പൊന്നാനി, ചാവക്കാട്, അമ്പലപ്പുഴ തുടങ്ങിയ അഞ്ച് മേഖകളിലെ മണൽവാരി വിൽക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ കൊല്ലം മേഖയിലെ മൂന്ന് ഭാഗങ്ങളിലെ 424 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്ന് മണ്ണെടുക്കുക.
ഇവിടെ 302 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ട്. തീരത്തുനിന്ന് 32 മുതൽ 61 നോട്ടിക്കൽ മൈൽ പടിഞ്ഞാറുവരെ വർക്കല മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്താണ് ഖനനം നടത്തുക. കൊല്ലംപരപ്പിൽ 3000 ട്രോൾ ബോട്ടുകളും 500 ഫൈബർ ബോട്ടുകളും നൂറോളം ഇൻബോർഡ് വള്ളങ്ങളും മത്സ്യബന്ധനം നടത്തുന്നുണ്ട്.
നിർമാണത്തിന് ആവശ്യമായ ‘വെള്ളമണൽ’ കോർപറേറ്റുകൾക്ക് യഥേഷ്ടം ഈ ഭാഗങ്ങളിൽനിന്ന് വാരിയെടുക്കാനുള്ള കച്ചവടമുറപ്പിച്ചിരിക്കുകയാണ്. കേരള തീരത്തിന്റെ ഭാഗമായ അഞ്ച് പ്രധാന മേഖലകൾ മണൽ സഞ്ചയങ്ങളായി കണ്ടെത്തി ഖനനത്തിനായി കോർപറേറ്റുകൾക്ക് തുറന്നുകൊടുക്കാൻ ഉന്നമിട്ടാണ് കേന്ദ്ര നീക്കം. ഈ അഞ്ച് മേഖലകളും മത്സ്യസമ്പത്താൽ സമ്പന്നമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ആയിരക്കണക്കിന് യാനങ്ങളാണ് ഇവിടങ്ങൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. കൊല്ലം കടലിൽ മണൽ വാരാൻ ഉദ്ദേശിച്ച ഭാഗത്ത് മണൽ നിക്ഷേപത്തിന് മുകളിലായി ഒന്നര മീറ്ററോളം കനത്തിൽ ചളിയും മറ്റുമാണ്. മത്സ്യ കേന്ദ്രീകരണത്തിന്റെയും ജൈവസമ്പത്തിന്റെയും ഉറവിടം ഈ മേൽമണ്ണാണ്. മണൽ ഖനനത്തിനായി ഈ മണ്ണ് കോരി മാറ്റുന്നത് മത്സ്യസമ്പത്തിന്റെയും ആവാസവ്യവസ്ഥയുടെയും നിലനിൽപിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ മീൻപിടിത്ത മേഖലകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതായി പരിഗണിക്കപ്പെടുന്ന ഭാഗം കൂടിയാണിത്. കരിക്കാടി, കലവ, പല്ലിക്കോര, പൂവാലൻ, പുല്ലൻ, കിളിമീൻ, ചെമ്മീൻ, ചാള, അയല, നെത്തോലി തുടങ്ങി ആഭ്യന്തര ഉപഭോഗത്തിലുള്ളതും കയറ്റുമതി പ്രാധാന്യവുമുള്ള മത്സ്യങ്ങളാണ് ഏറെയും. ഒന്നര കിലോമീറ്റർ ആഴത്തിൽ മത്സ്യങ്ങൾ പെറ്റുപെരുകുന്നതിന് അനുഗുണമായ ചളിയടങ്ങിയ ജൈവിക പരിസ്ഥിതിയാണ് (ഫിഷിങ് ഗ്രൗണ്ട്) കൊല്ലംപരപ്പിനെ മത്സ്യസമൃദ്ധമാക്കുന്നത്.
ഖനനത്തെ തുടർന്ന് ഇത് പൂർണമായും ഇല്ലാതാകും. മണ്ണെടുക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളും മത്സ്യസമ്പത്തിന് പ്രധാന ഭീഷണിയാണ്. മണൽ വാരുന്നത് മത്സ്യസമ്പത്തിന് വലിയ തിരിച്ചടിയാകും. പദ്ധതിക്ക് മുമ്പ് എൻവയൺമെന്റൽ ഇംപാക്ട് അസസ്മെന്റ് (ഇ.ഐ.എ) നടന്നിട്ടില്ല. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയും നടത്തിയ മാപ്പിങ്ങിലാണ് കേരളത്തിലെ വിലപിടിപ്പുള്ള മണൽശേഖരം കണ്ടെത്തിയത്. 2023ലെ പരിഷ്കരിച്ച നിയമപ്രകാരം തീരക്കടലിലെയും ആഴക്കടലിലെയും ഖനന അവകാശം പൂർണമായും കേന്ദ്രത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

