ആലപ്പുഴ ജില്ലയെ മറന്ന് കേന്ദ്ര ബജറ്റ്; ഇക്കുറിയും നിരാശ
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആലപ്പുഴ ജില്ലയെ പൂർണമായും മറന്നു. ഇക്കുറിയും നിരാശയാണ് ഫലം. ടൂറിസം, കാർഷികം, റെയിൽവേ അടക്കമുളള്ള മേഖലകളിൽ ഒരുപദ്ധതിപോലും ഇടംപിടിച്ചില്ല. ഡോ. എം.എസ്. സ്വാമിനാഥന്റെ മരണത്തിനുശേഷമെത്തിയ ആദ്യബജറ്റിൽ കുട്ടനാട് രണ്ടാംപാക്കേജിന് സഹായകരമാകുന്ന പദ്ധതികൾ ഉണ്ടാകുമെന്നാണ് കരുതിയത്. കുറേവർഷങ്ങളായി കേരളത്തോട് കാട്ടുന്ന അവഗണനയുടെ ആവർത്തനമാണ് ബജറ്റിൽ ഇടംപിടിച്ചത്.
സാധാരണക്കാരെയും കൃഷിക്കാരെയും പാടെ അവഗണിച്ചുവെന്നാണ് പ്രധാനവിമർശനം. ലക്ഷദ്വീപ് അടക്കമുള്ള ദ്വീപസമൂഹങ്ങളിൽ പ്രത്യേക ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ദ്വീപുകൾ ഏറെയുള്ള ആലപ്പുഴയെ പൂർണമായും അവഗണിച്ചു. പെരുമ്പളം അടക്കം ദ്വീപുകളുടെ ടൂറിസം സാധ്യതക്കാണ് മങ്ങലേറ്റത്.
ചെങ്ങന്നൂർ-പമ്പ റെയിൽവേ പാതക്ക് പച്ചക്കൊടി കാണിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പദ്ധതിക്കായി റെയിൽവേ മന്ത്രാലയം ചുമതലപ്പെടുത്തിയ ഏജൻസി പ്രാരംഭ സർവേ നടപടികൾ തുടങ്ങിയിരുന്നു. 76 കിലോമീറ്റർ ഉയരപ്പാതയായിട്ട് നിർമിക്കാനായിരുന്നു ശിപാർശ.
പമ്പാനദി തീരത്തുകൂടി പോകുന്ന പാതയുടെ ഡി.പി.ആർ (വിശദ രൂപരേഖ) സമർപ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നതിടെ പദ്ധതി വേഗത്തിലാക്കാൻ ബജറ്റ് സഹായമായില്ല.
തീരദേശ റെയിൽവേ പാതയായ അമ്പലപ്പുഴ- എറണാകുളം ഭാഗം ഇരട്ടിപ്പിക്കലിനായി കഴിഞ്ഞ വർഷം അടങ്കൽ തുകയുടെ ചെറിയഭാഗമെങ്കിലും ബജറ്റിൽ വകകൊള്ളിച്ചിരുന്നു. ഇതിനായി 168.90 കോടി രൂപയായിരുന്നു അനുവദിച്ചത്. ശബരിമല തീർഥാടകർ ആശ്രയിക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തരനിലവാരത്തിൽ ഉയർത്തുന്നതിന് ആവശ്യമായ വികസനപദ്ധതികളുടെ തുടർച്ചയുണ്ടായില്ല.
ചേർത്തല ഓട്ടോകാസ്റ്റിന്റെ വളർച്ചക്ക് സഹായകരമാകുന്ന ഇടപെടൽ ഉണ്ടായില്ല. റെയിൽവേയുടെ ചരക്ക് ട്രെയിനുകളുടെ പ്രധാനയന്ത്രഭാഗമായ കാസ്നബ് ബോഗികൾ നിർമിക്കുന്ന കേന്ദ്രമാണിത്.
22 കോടി വിറ്റുവരവുള്ള സ്ഥാപനത്തിൽ ലഭിച്ച 762 ഓർഡറുകളിൽ 55 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്. കമ്പനി സമർപ്പിച്ച ഷോർട്ട് ടേം മാസ്റ്റർ പ്ലാനും പരിഗണിച്ചില്ല. രാജ്യത്തെ നൂറുകണക്കിന് സ്ഥാപനങ്ങളുമായി മത്സരിച്ച് ഗുണനിലവാര പരിശോധനയടക്കമുള്ള കടമ്പകൾ കടന്നാണ് സ്ഥാപനത്തിന് റെയിൽവേയുടെ ഓർഡർ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

