മൂന്നുമാസം മുമ്പ് റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ട യുവാവിന്റെ മരണം കാറിടിച്ച്
text_fieldsചേർത്തല: മൂന്നു മാസം മുമ്പ് പള്ളിപ്പുറത്ത് റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കാറിടിച്ചാണെന്ന് കണ്ടെത്തി. ചേർത്തല പൊലീസിന്റെ അന്വേഷണത്തിലാണ് അപകടമാണു മരണകാരണമെന്നു തെളിഞ്ഞത്. കാർ ഓടിച്ചയാളെ അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 27ന് രാവിലെ ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം മലബാർ സിമന്റ്സിന് തെക്കുവശം തലയ്ക്ക് ഗുരുതര പരിക്കേറ്റ് അവശനിലയിൽ ചേർത്തല ചക്കരക്കുളം വള്ളപ്പുരയ്ക്കൽ വീട്ടിൽ പ്രണവിനെ (32) കണ്ടെത്തിയിരുന്നു. ആരും ആശുപത്രിയിലെത്തിക്കാതിരുന്നതോടെ ചേർത്തല പൊലീസ് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം ആശുപത്രിയിലും എത്തിച്ചു. നീണ്ട നാൾ അബോധാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലും ഐ.സി.യുവിലും ചികിത്സയിൽ കഴിയവേ ബോധം തെളിഞ്ഞുവെങ്കിലും ഓർമ നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു രണ്ടു മാസത്തിന് ശേഷം ഒക്ടോബർ 27ന് പ്രണവ് മരിച്ചു.
അസ്വാഭാവിക മരണത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന പ്രണവ് ആഗസ്റ്റ് 26 ന് രാത്രി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷം വീട്ടിലേക്കെന്ന് പറഞ്ഞു പോയതായിരുന്നു. ഒരുമിച്ചു താമസിച്ചിരുന്ന സ്ത്രീ സുഹൃത്തിനോടു വഴക്കിട്ട് വീട്ടിൽനിന്ന് ബാഗുമെടുത്ത് ഇറങ്ങിയതാണ്.
പിറ്റേ ദിവസം രാവിലെ പ്രദേശവാസികളാണ് മലബാർ സിമന്റ്സിന് തെക്കുവശം പുൽപ്പടർപ്പുകൾക്കിടയിൽ അബോധാവസ്ഥയിൽ അവശനായ നിലയിൽ പ്രണവിനെ കണ്ട് പൊലീസിനെ അറിയിച്ചത്. സമീപകാലത്ത് ഇതര സംസ്ഥാന തൊഴിലാളികളുമായി വഴക്കുണ്ടായതും അടിപിടി കേസുകളിൽ ഉൾപ്പെട്ടതുമെല്ലാം നിരവധി അഭ്യൂഹങ്ങൾക്കും ആരോപണങ്ങൾക്കും കാരണമായി. സംഭവസ്ഥലം കേന്ദ്രീകരിച്ചു നടത്തിയ വിശദ അന്വേഷണത്തിൽ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്നാണ് പ്രണവിന് പരിക്കേറ്റത് കാറിടിച്ചാണെന്ന് വ്യക്തമായത്.
റോഡിലൂടെ തെക്ക് വശത്തേക്കു നടന്നുപോയ പ്രണവിനെ വടക്കുനിന്ന് അമിത വേഗത്തിലെത്തിയ കാർ പിന്നിൽ വന്നിടിച്ചു. കാറിന്റെ ഗ്ലാസിൽ തലയിടിച്ചു വീണാണ് തലയ്ക്ക് പിന്നിൽ ഗുരുതര പരിക്കേറ്റതെന്ന് വ്യക്തമായി. പള്ളിപ്പുറം വഴി ചേർത്തലയിലൂടെ ആലപ്പുഴ ഭാഗത്തേക്കു പോയ ഫോർഡ് എക്കോസ്പോട്ട് കാറാണ് പ്രണവിനെ ഇടിച്ചതെന്നും കലവൂർ സ്വദേശിയായ യുവാവാണ് വാഹനമോടിച്ചതെന്നും കണ്ടെത്തി. അപകട വിവരം മറച്ചുവെച്ച് ഷോറൂമിൽ സർവീസിനു നൽകിയ വാഹനം കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു.
മരിച്ചയാളുടെ ക്രിമിനൽ പശ്ചാത്തലം കൊണ്ടും സംഭവത്തിലെ ദുരൂഹത കൊണ്ടും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒട്ടേറെ അഭ്യൂഹങ്ങൾ നിറഞ്ഞിരുന്നു. ചേർത്തല ഡിവൈ.എസ്.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ ജയേഷ് ചന്ദ്രൻ, എസ്.സി.പി.ഒമാരായ സതീഷ്, സുധീഷ് ,അരുൺ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

