കൈ പിടിച്ചുതിരിച്ചു, തല കട്ടിലിൽ ഇടിച്ചു; വനിത സെക്യൂരിറ്റി ജീവനക്കാർക്കെതിരെ കേസ്
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിമൂന്നുകാരിയെ മർദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
ഹരിപ്പാട് സ്വദേശിനി പെൺകുട്ടി നൽകിയ പരാതിയിലാണ് കേസെടുത്തത്. സഹോദരിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് പതിമൂന്നുകാരിയും നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയും ആശുപത്രിയിൽ എത്തുന്നത്.
ഇവർക്ക് ഭക്ഷണവും മറ്റും വാങ്ങിക്കൊടുത്തിരുന്നത് പിതാവ് ജയൻ ആയിരുന്നു. കൂലിപ്പണിക്കാരനായ ജയൻ ശനിയാഴ്ച വീട്ടിൽ പോയപ്പോൾ ആശുപത്രിയിൽ കയറാനുള്ള പാസ് അബദ്ധത്തിൽ പോക്കറ്റിലായി.
ഉച്ചക്ക് കഞ്ഞിവാങ്ങി വാർഡിലേക്ക് കയറിയ പെൺകുട്ടിയോട് വനിത സെക്യൂരിറ്റി ജീവനക്കാരി മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ കൈ പിടിച്ചുതിരിക്കുകയും തല കട്ടിലിൽ ഇടിക്കുകയും ആയിരുന്നുവെന്ന് പറയുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരിയും പെൺകുട്ടിയുമായി വാക്കേറ്റവും പിടിവലിയും നടന്നു.
ഇത് മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ജയൻ ബാലാവകാശകമീഷന് നൽകിയ പരാതിയിൽ പറയുന്നു. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പൊലീസ് തയാറായില്ലെന്നും പെൺകുട്ടി പറയുന്നു.
എന്നാൽ, പെൺകുട്ടി തങ്ങളെയാണ് മർദിച്ചതെന്ന് വനിത സെക്യൂരിറ്റി ജീവനക്കാരും പരാതിനൽകി. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിക്കെതിരെയും അമ്പലപ്പുഴ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ശിശുസംരക്ഷണ സമിതി വിവരങ്ങള് ശേഖരിക്കും. നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സി.ഡബ്ല്യു.സി. ചെയർപേഴ്സൻ അഡ്വ.ജലജ ചന്ദ്രൻ പൊലീസിനും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

