ക്രിസ്മസ് തലേന്ന് കരോൾ സംഘങ്ങൾ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്
text_fieldsചാരുംമൂട്: കരിമുളയ്ക്കലിൽ കരോൾ സംഘത്തിന് നേരെ അക്രമം. സ്ത്രീകളും കുട്ടികളുമടക്കം പത്തോളം പേർ ആശുപത്രിയിൽ. സംഭവത്തിൽ അറസ്റ്റിലായ 18 പേരെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രി 11ഓടെ കരിമുളയ്ക്കൽ തടത്തിവിള ജങ്ഷനിലായിരുന്നു സംഭവം. കരിമുളയ്ക്കൽ യുവ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 50ഓളം പേരാണ് കരോൾ സംഘത്തിലുണ്ടായിരുന്നത്. യുവ ക്ലബ് പിളർന്ന് രൂപവത്കരിച്ച ലിബർട്ടി ക്ലബ് പ്രവർത്തകരും കരോളിന് ഇറങ്ങുന്നുണ്ടായിരുന്നു. യുവ ക്ലബ് കരോൾ സംഘത്തെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതാണ് സംഘർഷത്തിനടയാക്കിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായതായും പൊലീസ് പറഞ്ഞു.
യുവക്ലബിലുള്ള കരിമുളയ്ക്കൽ എസ്.എ മൻസിലിൽ അബ്ദുൽ സലാം (47), ശ്രീഗണപതിയിൽ വിനേഷ് (41), ഭാര്യ കീർത്തി (33), മക്കളായ ശ്രീഗണേഷ് (13), ശ്രവൺ (അഞ്ച്), ചിത്രദർശിൽ നയന (28) / മകൾ താമര (ആറ്), രാജു ഷാലയം മോനിഷ (31), ക്ലബ് അംഗം സിയാദ് (25) എന്നിവരാണ് നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. നിസ്സാര പരിക്കേറ്റ അഞ്ച് പേർക്ക് പ്രഥമിക ചികിത്സ നൽകി.
കമ്പിവടി, കല്ല്, തടിക്കഷണം മുതലായവ ഉപയോഗിച്ചായിരുന്നു അക്രമമെന്ന് ആശുപത്രിയിൽ കഴിയുന്ന സ്ത്രീകൾ പറഞ്ഞു. ഇതേസമയം കറ്റാനത്തുള്ള ആശുപത്രിയിലെത്തിയവരും മറ്റുമായി ലിബർട്ടി ക്ലബിലെ 18 പേരെ രാത്രി തന്നെ നൂറനാട് പൊലീസ് പിടികൂടിയിരുന്നു. ലിബർട്ടി ക്ലബ് അംഗങ്ങളായ ശ്യാംലാൽ (33), ജി. അഖിൽ (29), ഷാബു (44), ഹരികൃഷ്ണൻ (27), സനു (25), അഭിനാഥ് (19), ഷംനാസ്(19), ധീരജ് (20), അനന്തു (25), ഋഷി മാധവ് (28), എസ്. ജിത്തു (24), ശ്രീമോൻ (18), എ. അമൽ (24), അമിത്ത് (19), ആരോമൽ (20), സിദ്ദീഖ് (21), അശ്വിൻ (25) അഖിലേഷ് (22) എന്നിവരാണ് റിമാൻഡിലായത്.
പ്രതിഷേധം വ്യാപകം
കരിമുളയ്ക്കലിൽ കരോൾ സംഘത്തിന് നേരെയുണ്ടായ അക്രമ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ കരിമുളയ്ക്കൽ ജങ്ഷനിൽ പ്രതിഷേധപ്രകടനങ്ങളും യോഗവും നടന്നു. കോൺഗ്രസ് പ്രതിഷേധം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീകുമാർ, അഡ്വ. ഷാജി നൂറനാട്,അഡ്വ. കെ. സണ്ണിക്കുട്ടി, ബി. രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലും കരിമുളയ്ക്കൽ ജങ്ഷനിൽ പ്രതിഷേധപ്രകടനവും യോഗവും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാരുമൂട് മണ്ഡലം പ്രസിഡന്റ് കെ. സഞ്ചു അധ്യക്ഷത വഹിച്ചു.
ബന്ധമില്ലെന്ന് സി.പി.എം
കരിമുളയ്ക്കൽ രണ്ട് ക്ലബുകളുടെ കരോൾ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും എതിരായി തിരിച്ചുവിടാനുള്ള ബി.ജെ.പി -കോൺഗ്രസ് ശ്രമം ദുരുദ്ദേശപരവും പ്രതിഷേധാർഹവുമാണെന്ന് ഏരിയ സെക്രട്ടറി ബി. ബിനു പ്രസ്താവനയിൽ അറിയിച്ചു.
കരോൾസംഘത്തെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
മാരാരിക്കുളം: കരോൾ സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് കണിച്ചുകുളങ്ങര പടിഞ്ഞാറേവെളിയിൽ അനീഷിനെയാണ് (43) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചെടിച്ചട്ടികൾ പൊട്ടിച്ചത് കരോളുമായി ചെന്നവരാണെന്ന് തെറ്റിദ്ധരിച്ച് തിരുവിഴ ക്ഷേത്രത്തിന് സമീപം കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും കരോൾ സംഘത്തിന്റെ സൗണ്ട് സിസ്റ്റവും ലൈറ്റും മറ്റും പൊട്ടിച്ചെന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

