കയർഫെഡ് സംഭരണം നാമമാത്രം; കയർപിരി സംഘങ്ങൾ പ്രതിസന്ധിയിൽ
text_fieldsഹരിപ്പാട്: കയർഫെഡ് കയർ സംഭരണം കുറച്ചതിനാൽ കാർത്തികപ്പള്ളി മേഖലയിലെ കയർപിരി സംഘങ്ങൾ പ്രതിസന്ധിയിൽ. ഓണത്തിനുമുമ്പ് മുതൽ പിരിച്ച കയർ, സംഘങ്ങളിലും തൊഴിലാളികളുടെ വീടുകളിലും സൂക്ഷിച്ചിരിക്കുകയാണ്. വിറ്റുപോകാത്തതിനാൽ തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നില്ല. മിക്ക സംഘങ്ങളും കയർപിരി നിർത്തി. ഇതോടെ തൊഴിലാളികൾ വലിയ ബുദ്ധിമുട്ടിലായി. കായംകുളം കയർ പ്രോജക്ട് ഓഫിസ് പരിധിയിൽ 110 കയർസംഘങ്ങളാണ് പ്രവർത്തിക്കുന്നത്. 12,500 തൊഴിലാളികൾ ഈ സംഘങ്ങളുടെ കീഴിൽ ജോലിചെയ്യുന്നു.
കയർപിരി മാത്രം ആശ്രയിച്ചുകഴിയുന്ന ഇവരിൽ ഭൂരിപക്ഷത്തിനും മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ ശാരീരിക ക്ഷമതയില്ല. പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുള്ളവരും വർഷങ്ങളായുള്ള തൊഴിൽപരിചയം കൈമുതലാക്കിയാണ് കയർമേഖലയിൽ പണിയെടുക്കുന്നത്. ഇവരുടെ ഏകവരുമാനമാർഗമാണ് മാസങ്ങളായി നിലച്ചത്.
രണ്ടു മുതൽ എട്ടുലോഡുവരെ കയർ വിൽക്കാനാകാതെ സൂക്ഷിക്കുന്ന സംഘങ്ങളുണ്ട്. 4600 കിലോ കയർവരെയാണ് ഒരു ലോഡായി കണക്കാക്കുന്നത്. സംഘങ്ങളിൽ നേരിട്ട് പിരിക്കുന്നതിനൊപ്പം തൊഴിലാളികളുടെ വീടുകളിൽ ചകിരി എത്തിച്ച് പിരിപ്പിക്കുന്ന രീതിയും കാർത്തികപ്പള്ളി മേഖലയിലുണ്ട്. സംഘങ്ങളിലെ കയർ വിറ്റുമാറാത്തതിനാൽ തൊഴിലാളികൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കയർ എടുത്തുമാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. മിക്ക വീടുകളിലും കയർ സൂക്ഷിച്ചുവെക്കാൻ സൗകര്യമില്ല.
ചൈന ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള കയർ കയറ്റുമതി നിലച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽനിന്ന് കുറഞ്ഞവിലയ്ക്ക് കയർ കേരളത്തിലെത്തുന്നുണ്ട്. ആഭ്യന്തരവിപണിയിൽ ഈ കയർ വിറ്റഴിക്കപ്പെടുന്നതിനാൽ സംഘങ്ങളുടെ കയറിന് ആവശ്യക്കാരില്ല. ആവശ്യം കുറഞ്ഞത് മറ്റൊരു വിഷയം.
കയർഫെഡിന്റെ സംഭരണികളെല്ലാം നിറഞ്ഞു. ഈ സാഹചര്യത്തിലാണ് സംഘങ്ങളിൽനിന്ന് കയർ എടുക്കുന്നതിൽ നിയന്ത്രണം വരുത്തിയതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. തമിഴ്നാട് കയർ ഉൽപന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇവിടുത്തെ കയറിന് സ്വാഭാവിക ഡിമാൻഡ് വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

