കാർ വാടകക്കെടുത്ത് കഞ്ചാവ് വിൽപന: ഒരാൾ പിടിയിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു
text_fieldsജോജി, പൊലീസ് തിരയുന്ന പ്രതികളായ സമീർ, ബാദുഷ
മാന്നാർ (ആലപ്പുഴ): കാർ വാടക്കെടുത്ത് കഞ്ചാവ് പൊതികളാക്കി വിൽപന നടത്തുന്ന സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മാന്നാർ കുട്ടംപേരൂർ ജോജി ഭവനിൽ ജോജി ഫ്രാൻസിസാണ് (25) പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ കുന്നേൽ വീട്ടിൽ സമീർ (28), കോയിക്കൽ കാവിനു സമീപം കോവുമ്പുറം കോളനിയിൽ ബാദുഷ (28) എന്നിവരാണ് കടന്നുകളഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
സമ്പൂർണ ലോക്ഡൗൺ ദിവസമായ ഞായറാഴ്ച വൈകീട്ട് ഏഴിന് പൊലീസ് പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. KL-31M 2391 നമ്പർ ഹ്യുണ്ടായി ഇ ഓൺ കാർ പരിശോധന നടക്കുന്നതിനിടയിൽ മുന്നിൽപെടുകയും പൊലീസിനെ കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് കാർ പരിശോധന നടത്തിയപ്പോളാണ് പൊതികളാക്കിയ നിലയിലും പ്ലാസ്റ്റിക് കവറിനുള്ളിലും കഞ്ചാവ് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ മുതൽ തന്നെ ഈ വണ്ടിയുടെ പേരിൽ പരാതികൾ ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മാന്നാർ എസ്.എച്ച്.ഒ നുമാൻ, എസ്.ഐ അരുൺകുമാർ സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖ് ഉൽ അക്ബർ, ദിനേശ് ബാബു, സാജിദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.