ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ കനാലിൽ പതിച്ചു
text_fieldsഡ്രൈവിങ് പരിശീലിക്കുന്നതിനിടെ കനാലിലേക്ക് പതിച്ച കാർ ഉയർത്തുന്നു
ആലപ്പുഴ: ഡ്രൈവിങ് പരിശീലനത്തിനിടെ വനിത ഓടിച്ച കാർ നിയന്ത്രണംവിട്ട് കനാലിൽ വീണു. മങ്കൊമ്പ് സ്വദേശിനി സിനി സേവ്യറാണ് കാറോടിച്ചത്. ഇവരെ ഡ്രൈവിങ് പഠിപ്പിക്കാൻ പരിശീലകനും ഭർത്താവും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12.35ന് വാടപൊഴിയിലാണ് സംഭവം.
അവധിദിനത്തിൽ കാർ ഡ്രൈവിങ് പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കനാലിലേക്ക് പതിച്ച കാറിന്റെ മുൻഭാഗം വെള്ളത്തിൽ മുങ്ങി. അപകടത്തിൽപെട്ടവരെ നാട്ടുകാരാണ് രക്ഷിച്ചത്. ആർക്കും കാര്യമായ പരിക്കില്ല. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.
അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫിസർ ആർ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാറിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയശേഷം മടങ്ങി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ കരക്ക് കയറ്റി.