വാഹനാപകടം: പരിക്കേറ്റയാൾക്ക് രണ്ട് കോടി നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsസുപ്രീംകോടതി
മുഹമ്മ: ശിങ്കാരിമേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് രണ്ടു കോടി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധി. തണ്ണീർമുക്കം വാരണം പീച്ചനാട്ട് വെളിവീട്ടിൽ എം. സുധീഷ് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, നൊങ്ക് മെയ്കപം കൊടീശ്വർ സിങ് എന്നിവർ ഉത്തരവിട്ടത്.
2012 ഫെബ്രുവരി 21ന് വാഗമൺ-ഈരാറ്റുപേട്ട റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ നാലുപേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാരിമേള സംഘത്തിലെ അംഗമായിരുന്ന സുധീഷിന്‍റെ കൈകളും തളർന്നു പോയി.
മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ഉൾപ്പെട്ടവരായിരുന്നു അപകടത്തിൽപ്പെട്ട സംഘത്തിൽ ഉണ്ടായിരുന്നത്. വാൻ ഡ്രൈവറെ പ്രതിയാക്കി ആലപ്പുഴ എം.എ.സി.ടി ട്രൈബ്യൂണലിൽ അഡ്വ. ജയിംസ് ചാക്കോ, ജോസ് വൈ. ജയിംസ് എന്നിവർ ചേർന്ന് കേസ് ഫയൽ ചെയ്തു. തുടർന്ന് 2019 മേയ് 25ന് 29,68,200 രൂപ നഷ്ടപരിഹാരം വിധിച്ചു.
വിധിക്കെതിരെ അഭിഭാഷകരായ എ.ടി. അനിൽകുമാർ, ഷൈലജ എന്നിവർ ചേർന്ന് ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തതിനെ തുടർന്ന് 49,05,600 രൂപയായി നഷ്ടപരിഹാരം ഉയർത്തി. 2025ൽ അഭിഭാഷകരായ ഷിനോജ് കെ. നാരായണൻ, എ. കാർത്തിക് എന്നിവർ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തു. തുടർന്ന് നഷ്ടപരിഹാരം 1,00,75,100 രൂപയായി ഉയർത്തി.
നഷ്ടപരിഹാരത്തുകക്ക് പുറമെ 1,00,47,800 രൂപയാണ് പലിശയിനത്തിൽ മാത്രം കമ്പനി സുധീഷിന് നൽകേണ്ടി വരിക. വാഹനത്തിന്‍റെ ഇൻഷുറൻസ് കമ്പനിയായ ഐ.സി.ഐ.സി.ഐ ലൊംബാർഡാണ് നഷ്ടപരിഹാരം നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

