ബോട്ട് ട്രിപ് മുടക്കുന്നു; യാത്രക്കാർ നടുക്കായലിൽ
text_fieldsപെരുമ്പളം: ജലഗതാഗത വകുപ്പിന്റെ ബോട്ട് ട്രിപ് മുടക്കുന്നത് വടക്കൻ മേഖലയിലെ യാത്രക്കാരെ വട്ടംചുറ്റിക്കുന്നു.പാണാവള്ളി സ്റ്റേഷനിൽനിന്ന് രാവിലെ 6.45ന് പുറപ്പെടുന്ന മാർക്കറ്റ് ഫെറി പെരുമ്പളം നോർത്ത് കുമ്പേൽ ജെട്ടി ബോട്ട്, കൂമ്പേൽ ജെട്ടിയിലേക്ക് പോകാതെ മാർക്കറ്റ് ജെട്ടിയിൽ തന്നെ തമ്പടിക്കുന്നതാണ് യാത്രക്കാരെ വലക്കുന്നത്. രണ്ടാഴ്ചയായി ബോട്ട് ഈ രീതിയിൽ ട്രിപ് മുടക്കുന്നതായാണ് പരാതി.
കെട്ടിട നിർമാണ തൊഴിലാളികൾ, കൂലി വേലക്കാർ, മറ്റ് തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ക്ലേശം നിരന്തരം അറിയിച്ചിട്ടും നടപടിയില്ല. പ്രതിഷേധ സൂചകമായി പെരുമ്പളത്തെ ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം രാവിലെ 6.45നുള്ള ട്രിപ്പിൽ നോർത്ത് ജെട്ടിയിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും ജീവനക്കാർ ബോട്ട് എടുത്തില്ല.
പിന്നീട് ട്രാഫിക് സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണ് സർവിസ് ആരംഭിച്ചത്. എന്നാൽ, മാർക്കറ്റ് ജെട്ടിക്ക് പടിഞ്ഞാറുവശം 300 മീറ്റർ മാറി സ്ഥിരം ബോട്ട് ഓടുന്ന ചാലിന് പുറത്ത് മൺതിട്ടയിൽ ഇടിച്ചതിനെ തുടർന്ന് സർവിസും നിർത്തി. ജീവനക്കാർ മനഃപൂർവം ബോട്ട് ഇടിപ്പിച്ചതാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. മൂന്ന് മണിക്കൂറോളം സർവിസ് മുടങ്ങി. ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചുകയറ്റി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ജനപ്രതിനിധികളുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അവർ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജലഗതാഗത വകുപ്പ് ഡയറക്ടറെ വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് റസ്ക്യൂ ബോട്ട് എത്തിയാണ് ബോട്ടിനെ മണൽത്തിട്ടയിൽനിന്ന് മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ, വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, ജനപ്രതിനിധികളായ സരിത സുജി, യു. ഉമേഷ്, പി.സി ജബീഷ്, മുൻസില ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പഞ്ചായത്തിന്റെ നിരന്തര ആവശ്യത്തെതുടർന്ന് ബോട്ട് ജെട്ടികളിലെ ആഴം വർധിപ്പിച്ചിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളൂ.
ജീവനക്കാരുടെ നിരുത്തരവാദ സമീപനം കാരണം വടക്കൻ മേഖലയിലുള്ളവർ ഏറെ കഷ്ടത അനുഭവിക്കുകയാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേസമയം, വടക്കോട്ടുള്ള ബോട്ട് ചാലിൽ ആഴം കുറവാണെന്നാണ് ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

