പൊട്ടിയ പൈപ്പ് നന്നാക്കി; ദുരിതത്തിലായ കുടുംബത്തിന് ആശ്വാസം
text_fieldsജപ്പാൻ കുടിവെള്ള പൈപ്പിന്റെ ചോർച്ച അടച്ചപ്പോൾ
അരൂർ: ദിവസങ്ങളായി അരൂരിൽ ദേശീയപാതയ്ക്കരികിൽ പൊട്ടിയ പൈപ്പിലൂടെ വെള്ളമൊഴുകി മുറ്റം വെള്ളക്കെട്ടിലായി ദുരിതത്തിലാക്കിയ കുടുംബത്തിന്റെ അവസ്ഥ മാധ്യമം വാർത്തയാക്കിയപ്പോൾ അധികൃതർ ഉണർന്നു. ഞായറാഴ്ച പുലർച്ചെ മുതൽ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തി. വൈകീട്ടോടെ പണി പൂർത്തിയായി. അരൂർ കെൽട്രോൺ കവലക്ക് തെക്ക് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പതിനാറാം വാർഡിൽ തോപ്പിൽ ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടുമുറ്റത്തേക്കാണ് വെള്ളം കുത്തിയൊലിച്ചെത്തിയിരുന്നത്. ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തുള്ള പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്.
ഉണ്ണികൃഷ്ണപ്പിള്ളയുടെ വീടിന്റെ മുറ്റവും പരിസരവും ചളിക്കുളമായി മാറിയതും വാർധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഉണ്ണികൃഷ്ണപിള്ളയുടെയും ഭിന്നശേഷിക്കാരനായ കുട്ടിയുടെയും ദുരിതാവസ്ഥ വാർത്തയായതോടെ ജല അതോറിറ്റി അധികൃതർ പൈപ്പിന്റെ അറ്റകുറ്റപ്പണി നനടത്താൻ നടപടി സ്വീകരിക്കുകയായിരുന്നു.
ജല അതോറിറ്റി അധികൃതരും ഉയരപ്പാത നിർമാണ കരാർ കമ്പനിയും തമ്മിലുള്ള തർക്കമായിരുന്നു പണികൾക്ക് തടസ്സമായി നിന്നത്. കരാർ കമ്പനിയുടെ മണ്ണ് മാന്തി യന്ത്രം തട്ടിയാണ് പൈപ്പിന് കേടുപാട് സംഭവിച്ചത്. പൊട്ടിയ പൈപ്പിന്റെ മുകളിൽ കിടന്നിരുന്ന നിർമാണ സാമഗ്രികൾ മാറ്റാൻ കാലതാമസം ഉണ്ടായതാണ് പണികൾ വൈകാനിടയായതെന്ന് തൊഴിലാളികൾ പറഞ്ഞു. ഞായറാഴ്ച മൂന്നു തൊഴിലാളികൾ വൈകീട്ട് വരെ പരിശ്രമിച്ചാണ് പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

