ജില്ല കോടതി പാലം പുനർനിർമാണം: കെട്ടിടം പൊളിക്കൽ 24 മുതൽ
text_fieldsആലപ്പുഴ നഗരഹൃദയത്തിലെ ജില്ല കോടതി പാലം
ആലപ്പുഴ: ജില്ല കോടതി പാലം പുനർനിർമാണത്തിന് മുന്നോടിയായി നിലവിലെ കെട്ടിടങ്ങൾ ഈമാസം 24 മുതൽ പൊളിക്കും. മുഴുവൻപേർക്കും നഷ്ടപരിഹാരത്തുക നൽകി. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ തുക കോടതിയിൽ കെട്ടിവെച്ചാണ് പൊളിക്കാൻ ആരംഭിക്കുന്നത്.
പ്രധാനമായും ജില്ല കോടതി പാലവും ജങ്ഷനുമാണ് നവീകരിക്കുന്നത്. ഒഴിയാൻ ആവശ്യപ്പെട്ട് കട ഉടമകൾക്കും വസ്തു ഉടമകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. റോഡരികിലെ വൃക്ഷങ്ങളുടെ വാല്യുവേഷനായി സാമൂഹിക വനവത്കരണ വിഭാഗത്തിന് കത്തുനൽകി. അനുമതി ലഭിക്കുന്ന മുറക്ക് മരങ്ങൾ മുറിക്കും. റോഡരികിലെ നഗരസഭയുടെ കിയോസ്കുകളും കനാൽകരയിൽ സ്ഥാപിച്ച മത്സ്യകന്യകയുടെ ശിൽപവും മാറ്റിസ്ഥാപിക്കും. നഗരഹൃദയത്തിൽ വാസ്തുശിൽപ മാതൃകയിലാണ് ജില്ല കോടതി പാലം പുനർനിർമിക്കുന്നത്.
88 സെന്റ് ഏറ്റെടുക്കാൻ കിഫ്ബി 20.06 കോടിയാണ് ചെലവഴിച്ചത്. കെട്ടിടങ്ങൾ പൊളിച്ച് സ്ഥലം ഏറ്റെടുത്ത് പാലം പുനർനിർമിക്കാനുള്ള പദ്ധതിയുടെ നിർമാണച്ചുമതല കെ.ആർ.എഫ്.ബിക്കാണ് (കേരള റോഡ് ഫണ്ട് ബോർഡ്). സ്ഥലപരിമിതിയും വ്യാപാരികളുടെ അസൗകര്യവും പരിഗണിച്ച് അടിപ്പാതയും ആകാശപ്പാതയും വരുന്ന രൂപത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ബ്രിഡ്ജസ് ഡിസൈനിങ് യൂനിറ്റ് തയാറാക്കിയ ഡിസൈനിലാണ് പാലം പുനർനിർമിക്കുന്നത്. ഇതിനായി കിഫ്ബിയിൽനിന്ന് 98.9 കോടി അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

