പണിതീരാൻ ഇനിയും നാളുകളെടുക്കും; തൃക്കുന്നപ്പുഴയിൽ ‘യുദ്ധം’ ജയിക്കാതെ 20 മീറ്റർ പാലം
text_fieldsനിർമാണത്തിലിരിക്കുന്ന തൃക്കുന്നപ്പുഴ പാലം
തൃക്കുന്നപ്പുഴ: 20 മീറ്റർ നീളമുള്ള ഒരു പാലം പണിയാൻ എത്രകാലമെടുക്കും എന്ന ചോദ്യത്തിന് തൃക്കുന്നപ്പുഴക്കാർക്ക് ഒരേയൊരു ഉത്തരമേയുള്ളൂ, അത് ഏതാണ്ട് ഒരു യുഗത്തിന് തുല്യമാണ്. ‘യുദ്ധകാലാടിസ്ഥാനം’ എന്ന പ്രയോഗത്തിന് പുതിയ അർഥം തേടുകയാണ് ഇവിടുത്തുകാർ.
2018ൽ തുടങ്ങിയ ഈ മഹാനിർമാണം എട്ടാം വാർഷികത്തിലേക്ക് അടുക്കുമ്പോഴും അധികൃതർക്ക് ഒരേ പല്ലവി മാത്രം, യുദ്ധകാലാടിസ്ഥാനത്തിൽ പണി തീർക്കും. കോവിഡിനെ പഴിചാരി 2022 മാർച്ചിൽ തീർക്കുമെന്ന് പറഞ്ഞ പണി പിന്നീട് 2023 ഡിസംബറിലേക്കും അവിടെനിന്ന് 2025 മേയിലേക്കും നീണ്ടു. അത് നടക്കാതെ വന്നപ്പോൾ 2025 ആഗസ്റ്റിൽ ഗതാഗതത്തിന് തുറക്കുമെന്നായിരുന്നു അവസാനത്തെ പ്രഖ്യാപനം. ആഗസ്റ്റും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയായിട്ടില്ല.
പാലം പണിതാൽ കയറാനും ഇറങ്ങാനും അപ്രോച് റോഡ് വേണമെന്ന സാമാന്യബുദ്ധി അധികൃതർക്ക് തോന്നിയത് പാലം പണി ഏകദേശം തീരാറായപ്പോഴാണ് എന്നത് മറ്റൊരു തമാശ. അപ്രോച് റോഡിന്റെ പണി തുടങ്ങിയപ്പോഴാകട്ടെ അവിടെ പൈലിങ് വേണമെന്ന അടുത്ത തിരിച്ചറിവുണ്ടായി. പ്ലാനും എസ്റ്റിമേറ്റുമില്ലാതെ പായുന്ന ഈ പണിക്ക് 34 കോടി അനുവദിച്ചിരുന്നത് ഇപ്പോൾ 41 കോടി പിന്നിട്ടു.
എസ്റ്റിമേറ്റ് ഇനിയും പുതുക്കിയില്ലെങ്കിൽ പണി നിൽക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. തൃക്കുന്നപ്പുഴയിൽ 20 മീറ്ററിന് ഇഴയുമ്പോൾ, സമീപപ്രദേശങ്ങളായ ഹരിപ്പാട്ടും തോട്ടപ്പള്ളിയിലും ദേശീയപാതയുടെ വമ്പൻ പാലങ്ങൾ പണി തുടങ്ങി പൂർത്തീകരണത്തോട് അടുക്കുന്നു. പാലം വൈകുന്ന ഓരോ ദിവസവും ഖജനാവിന് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. താൽക്കാലികമായി ഏർപ്പെടുത്തിയ ജങ്കാറിന്റെ വാടകയിനത്തിൽ ഇതിനകം ഒരു പുതിയ പാലം പണിയാനുള്ള തുക അധികൃതർ തുലച്ചുകഴിഞ്ഞു.
രമേശ് ചെന്നിത്തല എം.എൽ.എ നൽകിയ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനൽകുകയും യോഗം വിളിക്കുകയും ചെയ്തിട്ടും അമ്പേ പരാജയപ്പെട്ട പദ്ധതിയാണിത്. ഓരോ ആഴ്ചയിലും പണി തീർക്കേണ്ടവയുടെ ചാർട്ട് ഉണ്ടാക്കി വീണ്ടും ‘പ്രഹസന’ കൗണ്ട്ഡൗൺ തുടങ്ങിയിട്ടുണ്ടെങ്കിലും നാട്ടുകാർക്ക് ഇതിലൊന്നും വലിയ പ്രതീക്ഷയില്ല. കൗണ്ട്ഡൗൺ തീയതി ഇട്ടുകൊണ്ട് പാലം പൊളിച്ച ശേഷം നിർമാണം തുടങ്ങിയ പഴയ വീരഗാഥകൾ ഇവർക്ക് ഇപ്പോഴും ഓർമയുണ്ട്. വണ്ടിയോടിയാൽ തീരുന്നതല്ല തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണം.
ഒരു വെള്ളം തടയാനുള്ള ഷട്ടർ അടക്കമുള്ള പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകൃഷി നശിക്കും. ഈ യുദ്ധകാലം എങ്കിലും യാഥാർത്ഥ്യമായെങ്കിൽ എന്ന് ആശിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

