പാലം വന്നു; പെരുമ്പളം ദ്വീപിലേക്ക് ബസ് എത്താൻ ഇനി റോഡുകൂടി വേണം
text_fieldsപെരുമ്പളം പാലം ഇറങ്ങിയെത്തിയ വിവാഹ ബസുകൾ മുന്നോട്ടുപോകാനാകാതെ
പാർക്ക് ചെയ്തിരിക്കുന്നു
പൂച്ചാക്കൽ: പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തെങ്കിലും വലിയ വാഹനങ്ങൾ ദ്വീപിൽ എത്തണമെങ്കിൽ റോഡ് പണിയണം. സ്ഥലം ഏറ്റെടുത്ത് റോഡ് പണിയാൻ സർക്കാർ സഹായം തേടുകയാണ് പഞ്ചായത്ത്. വേമ്പനാട് കായലിൽ സ്ഥിതിചെയ്യുന്ന പെരുമ്പളം ദ്വീപിൽ വലിയ പ്രതീക്ഷയോടെയാണ് 2026 മാർച്ച് ഏഴിന് പാലം തുറന്നത്.
പതിറ്റാണ്ടുകളായി ബോട്ടുകളെയും ജങ്കാറുകളെയും മാത്രം ആശ്രയിച്ചിരുന്ന ദ്വീപ് നിവാസികൾക്ക് നേരിട്ടുള്ള റോഡ് ഗതാഗതം സാധ്യമായത് പാലത്തിന്റെ വരവോടെയാണ്. എന്നാൽ പാലമിറങ്ങി ബസ് നിൽക്കും. ദ്വീപിലേക്ക് കടക്കണമെങ്കിൽ വീതിയുള്ള റോഡ് പണിയണം. വിവാഹച്ചടങ്ങുകൾക്ക് വിദൂര സ്ഥലങ്ങളിൽനിന്ന് ബസുകളിൽ പാലം കടന്നെത്തിയാലും വിവാഹവീട്ടിലേക്ക് നടന്നുതന്നെ പോകേണ്ടിവരും. പാലം വരുംമുമ്പ് ബോട്ടുകളിൽ വിവാഹത്തിനെത്തുന്നവർക്ക് വീടുകളിലെത്താൻ കാര്യമായി ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ദ്വീപിന് ചുറ്റും ബോട്ട് ജെട്ടികളുള്ളതാണ് കാരണം. പാലം കടന്നുവരുന്ന വാഹനങ്ങളിൽ എത്തുന്നവർക്ക് റോഡ് തന്നെയാണ് ആശ്രയം. പെരുമ്പളം ദ്വീപിൽ നിലവിൽ 37ഓളം ആഭ്യന്തര റോഡുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും വീതികുറഞ്ഞ ഗ്രാമീണ റോഡുകളാണ്.
പുതിയ പാലം വന്നതോടെ വലിയ വാഹനങ്ങളുടെ വരവ് വർധിച്ചതിനാൽ, ഈ റോഡുകൾ വീതികൂട്ടാനും പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ നവീകരിക്കാനുമുള്ള പദ്ധതികൾ പഞ്ചായത്ത് തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാറിന്റെ കനിവിലാണ് ദ്വീപകാരുടെ യാത്രാപ്രതീക്ഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

