വള്ളംകളി: ഒന്നര മാസമായിട്ടും ക്ലബുകൾക്ക് സമ്മാനത്തുകയില്ല
text_fieldsആലപ്പുഴ: സീസൺ അവസാനിച്ച് ഒന്നര മാസമായിട്ടും ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) പങ്കെടുത്ത ക്ലബുകൾക്ക് കൊടുക്കാനുള്ള തുക കുടിശ്ശിക. ഒമ്പത് ക്ലബിനായി 1.58 കോടി രൂപ നൽകാനുണ്ട്. പണം ലഭിക്കാത്തതിനാൽ തുഴച്ചിലുകാർക്കുള്ള തുക നൽകാനായില്ലെന്നും വള്ളത്തിന്റെയും ക്ലബിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്നും ക്ലബ് ഭാരവാഹികൾ പറയുന്നു. കടം വാങ്ങിയാണ് മിക്ക ക്ലബുകളും മത്സരങ്ങളിൽ പങ്കെടുത്തത്.
ആദ്യ സ്ഥാനങ്ങളിലെത്തിയ മൂന്ന് ക്ലബിനും ടൈറ്റിൽ വിജയികളായ ക്ലബുകൾക്കും നൽകാനുള്ള സമ്മാനത്തുകയാണ് അധികവും. സി.ബി.എല്ലിലെ ആദ്യ നാലു മത്സരത്തിന് മാത്രമാണ് ഇതുവരെ സമ്മാനത്തുക വിതരണം ചെയ്തത്.
കൊല്ലത്തു നടന്ന സി.ബി.എൽ ഫൈനലിന്റെ ബോണസും അക്കൗണ്ടിലെത്തിയില്ല. ഇത്തവണത്തെ ടൈറ്റിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ലഭിക്കേണ്ട 1.16 കോടിയിൽ 56 ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്. ബോണസും സമ്മാനത്തുകയും നൽകാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി അക്കൗണ്ട്സ് വിഭാഗത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും ഈ മാസംതന്നെ തുക നൽകുമെന്നുമാണ് അധികൃതർ പറയുന്നത്.
മുൻ സീസണിൽ വള്ളങ്ങൾക്കു നൽകാനുള്ള തുക സർക്കാർ മുൻകൂറായി സി.ബി.എൽ സംഘാടകർക്കു നൽകിയിരുന്നു. ഈ തുക ബാങ്ക് അക്കൗണ്ടിലിട്ട ശേഷം ക്ലബുകൾക്ക് ചെക്ക് നൽകുകയാണ് ചെയ്തത്.
എന്നാൽ, ഇത്തവണ തുക മുൻകൂറായി അനുവദിച്ചില്ല. ഓരോ കളിയും കഴിഞ്ഞ ശേഷം നടപടിക്രമങ്ങൾക്കുണ്ടായ താമസവും സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് പണം നൽകൽ വൈകിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബുകൾ സമരരംഗത്ത് വരുന്നത് സംബന്ധിച്ച ആലോചനയിലാണ്.
സെപ്റ്റംബർ നാലിന് പുന്നമട നെഹ്റു ട്രോഫിയോടെ തുടങ്ങി, നവംബർ 26ന് കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാണ് സി.ബി.എൽ സീസൺ അവസാനിച്ചത്. അഞ്ച് ജില്ലയിൽ 12 വേദിയിലാണ് മത്സരങ്ങൾ നടന്നത്. ഒമ്പത് ചുണ്ടൻവള്ളങ്ങളാണ് പങ്കെടുത്തത്. ഓരോ മത്സരത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് അഞ്ചുലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് മൂന്നുലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് രണ്ടുലക്ഷം എന്നിങ്ങനെയാണ് നൽകുന്നത്. ഓരോ മത്സരത്തിലും പങ്കെടുക്കാൻ ക്ലബുകൾക്ക് നാലുലക്ഷം വീതം ബോണസ് തുകയും നൽകുന്നുണ്ട്. ടൈറ്റിൽ വിജയികളാകുന്ന ടീമിന് 25 ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

