ലക്ഷ്യം വെള്ളിക്കപ്പ്; കരുത്തുചോരാതെ പി.ബി.സിയും യു.ബി.സിയും
text_fieldsഅഞ്ചാംതവണ തുടർച്ചയായി വെള്ളിക്കപ്പിൽ മുത്തമിടാനാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ (പി.ബി.സി) പടപ്പുറപ്പാട്. ഏറ്റവും കൂടുതൽ തവണ നെഹ്റു ട്രോഫിയിൽ ജേതാക്കളായ യു.ബി.സി കൈനകരിയെയും എഴുതിത്തള്ളാനാവില്ല.
കാരിരുമ്പിന്റെ കരുത്തായി എത്തുന്ന ജലചക്രവർത്തി കാരിച്ചാല് ചുണ്ടനിൽ തുഴയെറിയുന്നത് പി.ബി.സിയാണ്. വള്ളംകളിയിൽ ‘തല’ ഉയർത്താനുള്ള പോരാട്ടത്തിനുവേണ്ടിയാണ് തലവടി ചുണ്ടൻ യു.ബി.സിയുടെ തുഴക്കരുത്തിൽ അഭയംതേടിയത്. നാലുതവണ നെഹ്റു ട്രോഫി മുത്തമിട്ട കുമരകം ടൗൺ ബോട്ട് ക്ലബിന്റെ കരുത്തിലാണ് നടുഭാഗം പുന്നമടയിലെത്തുന്നത്.
സ്വന്തം തട്ടകത്തിൽ വിജയക്കൊടി പാറിക്കാനാണ് പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിൽ പോരിനിറങ്ങുന്നത്. വേഗരാജാവ് പായിപ്പാടനിൽ തുഴയെറിയുന്നത് ആലപ്പുഴ ടൗൺ ബോട്ട് ക്ലബാണ്. ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ പിൻബലത്തിലാണ് വലിയദിവാൻജിയുടെ വരവ്. മേൽപാലം, ജലഹർ തായങ്കരി, നിരണം, ആനാരി, സെന്റ് ജോർജ് എന്നിവയും മത്സരത്തിനുണ്ട്. മാറ്റുന്നത് ആറാംതവണ
പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ ‘വള്ളംകളി’ മാറ്റിയത് ആറുതവണ. 1955 മുതൽ ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് മത്സരം നടത്തുന്നതാണ് പതിവ്. 2002ൽ കുമരകം ബോട്ടുദുരന്തം ഉണ്ടായപ്പോഴാണ് വള്ളംകളിയുടെ ചരിത്രത്തിൽ ആദ്യമായി തീയതി മാറ്റമുണ്ടായത്. ആവർഷം സെപ്റ്റംബർ 13ന് വള്ളംകളി നടത്തി. പിന്നീട് വർഷങ്ങളോളം മാറ്റമില്ലാതിരുന്ന മത്സരത്തിന്റെ തീയതിയും മാസവും മാറിയത് 2018ലാണ്. കുട്ടനാട്ടിനെ പ്രളയത്തിൽ മുക്കിയ ആ വർഷം മാറ്റം അനിവാര്യമായിരുന്നു. പ്രളയത്തെ അതിജീവിച്ചെത്തിയ ആ വർഷം നവംബറിലായിരുന്നു മത്സരം. പ്രളയകാലത്ത് ആവേശത്തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ പായിപ്പാടൻ ചുണ്ടനായിരുന്നു ജലരാജാവ്. 2019ലും വെള്ളപ്പൊക്കം മത്സരക്രമം മാറ്റിമറിച്ചു. അന്ന് ആഗസ്റ്റ് 12ന് നിശ്ചയിച്ചിരുന്ന ജലോത്സവം ആഗസ്റ്റ് 31ലാണ് നടത്തിയത്. നടുഭാഗം ചുണ്ടനായിരുന്നു കിരീടം.
കോവിഡ് കാരണം 2020, 2021 വർഷങ്ങളിൽ മത്സരം ഉപേക്ഷിച്ചു. 2022ൽ മത്സരം പുനരാരംഭിച്ചപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ കീരിടം സ്വന്തമാക്കി. സെപ്റ്റംബർ നാലിന് പുന്നമടയെ ത്രസിപ്പിച്ച മത്സരത്തിലൂടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് കിരീടത്തിലും മുത്തമിട്ടു. 2023ൽ വീയപുരം ചുണ്ടനിലൂടെ തുടർച്ചയായ നാലാം തവണയും പി.ബി.സി വിജയത്തേരിലേറി. വയനാട് ദുരന്ത പശ്ചാത്തിലാണ് ആഗസ്റ്റ് 10ന് നടക്കാനിരുന്ന വള്ളംകളി സെപ്റ്റംബർ 28ലേക്ക് മാറ്റിയത്.
മ്യൂസിയത്തിലേക്ക് മാറ്റിയില്ല; പഴയ ‘നടുഭാഗം’ ചുണ്ടൻ നശിക്കുന്നു
കാലം സാക്ഷി.....നെഹ്റു ട്രോഫിക്ക് കാരണമായ പഴയ ‘നടുഭാഗം’ ചുണ്ടൻ വെയിലും മഴയുമേറ്റ് നശിക്കുന്നു
നെഹ്റു ട്രോഫി വള്ളംകളി തുടങ്ങി 70ന്റെ നിറവിൽ എത്തുമ്പോഴും പറയാനുള്ളത് നഷ്ടത്തിന്റെയും സങ്കടത്തിന്റെയും കഥയാണ്. നെഹ്റു ട്രോഫിക്ക് കാരണമായ ‘നടുഭാഗം’ പഴയ ചുണ്ടൻ വെയിലും മഴയുമേറ്റ് നശിക്കുകയാണ്. മ്യൂസിയത്തിലേക്ക് മാറ്റി സംരക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി.
നെഹ്റു ട്രോഫിയിലേക്ക് വഴിതെളിച്ച് 1952ൽ മീനപ്പള്ളി വട്ടക്കായലിൽ നടന്ന വള്ളംകളിയിലാണ് നടുഭാഗം ചുണ്ടൻ ട്രോഫി കരസ്ഥമാക്കിയത്. വള്ളംകളി കണ്ട് ആവേശത്തോടെ ചുണ്ടൻ വള്ളത്തിലേക്ക് ചാടിക്കയറിയ നെഹ്റു ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷം കൈയൊപ്പ് ചാർത്തി ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത ട്രോഫി അയച്ചുനൽകി. 1954 മുതൽ നെഹ്റു ട്രോഫിക്കായുള്ള മത്സരം തുടങ്ങിയതാണ് ചരിത്രം. 1927ൽ നടുഭാഗം കരയിലെത്തിയ വള്ളം 2013 വരെ സജീവമായിരുന്നു. മൂന്ന് പ്രാവശ്യം പുതുക്കിപ്പണിതു. 1927ൽ വെമ്പാല പള്ളിയോടം 900 രൂപക്ക് വാങ്ങിയാണ് നടുഭാഗം ചുണ്ടനാക്കി മാറ്റിയത്. ആദ്യ വർഷംതന്നെ മൂലം ട്രോഫി നേടി. ജവഹർലാൽ നെഹ്റുവിന്റെ പാദസ്പർശമേറ്റ വള്ളമെന്നതാണ് പ്രത്യേകത.
1984ൽ ഏറ്റവും കൂടുതൽ നീളമുള്ള വള്ളമെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി. പുന്നമടയിൽ ട്രാക്കിന്റെ നീളം കുറക്കുന്നതിന് മുമ്പ് നെഹ്റു ട്രോഫി ഹീറ്റ്സിൽ 4.24 മിനിറ്റിൽ ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്ത ചുണ്ടനാണിത്. മത്സരത്തുഴച്ചിലിൽനിന്ന് മാറ്റിയ വള്ളം 2013 മുതൽ വള്ളപ്പുരയിലാണ് സൂക്ഷിച്ചിരുന്നത്. വള്ളം മ്യൂസിയത്തിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചത് മുൻ മന്ത്രി ഡോ. തോമസ് ഐസക്കാണ്.
ഇതിന് പിന്നാലെ സൗജന്യമായി ചുണ്ടൻവള്ളം വിട്ടുകൊടുക്കാൻ വള്ളസമിതിയും തയാറായിരുന്നു. 2018ലെ പ്രളയത്തിൽ പൂർണമായി വെള്ളത്തിൽ മുങ്ങിയതോടെ ചുണ്ടൻ ജീർണാവസ്ഥയിലായി. വള്ളപ്പുരകൂടി തകർന്നതോടെ പ്ലാസ്റ്റിക് പടുത ഉപയോഗിച്ചാണ് വള്ളം മൂടിയിട്ടിരിക്കുന്നത്. കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും മുടക്കിയാൽ മാത്രമേ വള്ളം സ്മാരകമാക്കി മാറ്റാനാവൂ. വള്ളം പൂർണമായി നശിക്കുംമുമ്പ് അധികൃതർ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികളും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

