ഇവിടെ വഴി തെറ്റിക്കും ബോർഡ്
text_fieldsഅരൂർ: അരൂർ-അരൂക്കുറ്റി റോഡിൽ ഇല്ലത്തു ജങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ദിശാ ബോർഡ് വാഹനങ്ങളെ വഴിതെറ്റിക്കുന്നു. ഇല്ലത്തു റോഡിലേക്ക് അടയാളം കാട്ടുന്ന ബോർഡിൽ ‘ഭാരമുള്ള വാഹനങ്ങൾ മാത്രം ചേർത്തല, ആലപ്പുഴ’ എന്നിങ്ങനെ സൂചിപ്പിച്ചിട്ടുണ്ട്. ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ അരൂക്കുറ്റി റോഡിലൂടെ ഇല്ലത്ത് ജങ്ഷനിൽ എത്തുമ്പോൾ ഇല്ലത്ത് റോഡിലൂടെ കടന്നുപോകാനാണ് ബോർഡിൽ നിർദേശിച്ചത്. ഇതനുസരിച്ച് വാഹനങ്ങൾ ചെറിയ റോഡിലൂടെ കടന്നു പോകുന്നത് മാർഗതടസ്സങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഭാരമുള്ള ലോറി ഇല്ലത്ത് റോഡിലൂടെ കടന്നുവന്നത് മണിക്കൂറുകളോളം ഗതാഗത തടസ്സത്തിന് വഴിയൊരുക്കി. ലോറിയിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഒരു കിലോമീറ്ററോളം വാഹനം ഓടിച്ചശേഷം വീതികുറഞ്ഞ റോഡായതിനാൽ മുന്നോട്ട് നീങ്ങാനാകാതെ നിർത്തിയിടേണ്ടിവന്നു. പിന്നീട് അത്രയും ദൂരം വാഹനം പിന്നിലേക്ക് ഓടിച്ചാണ് അരൂക്കുറ്റി റോഡിൽ കയറിയത്. നിരവധി ചെറിയ വാഹനങ്ങളെയും ഈ ദിശ ബോർഡ് വഴിതെറ്റിക്കുന്നുണ്ട്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ മുതൽ തുറവൂർവരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും ചില ക്രമീകരണം നടത്തിയിട്ടുണ്ടെന്നും എറണാകുളം കലക്ടർ കഴിഞ്ഞ ദിവസം നിർദേശം പുറപ്പെടുവിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അരൂക്കുറ്റി റോഡിൽ ദിശ ബോർഡുകൾ സ്ഥാപിച്ചതെന്നാണ് കരുതുന്നത്. എറണാകുളം ഭാഗത്തുനിന്ന് ചേർത്തല, ആലപ്പുഴ ഭാഗത്തേക്ക് കടന്നുപോകുന്ന ഭാരമുള്ള ലോറികൾ അരൂർ അമ്പലം ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് അരൂക്കുറ്റി റോഡിലൂടെ അരൂക്കുറ്റി പാലം വഴി വടുതല, പൂച്ചാക്കൽവഴി മാക്കേകടവ് ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് തുറവൂർ ജങ്ഷനിലെത്തി ചേർത്തല, ആലപ്പുഴ ഭാഗത്തേക്ക് പോകണമെന്നാണ് അധികൃതരുടെ നിർദേശം. എന്നാൽ, നിർദേശം കർശനമായി നടപ്പാക്കപ്പെട്ടിട്ടില്ലാത്തതിനാൽ വാഹനങ്ങൾ ദേശീയപാതയിലൂടെ തന്നെയാണ് കടന്നുപോകുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ ദിശാ ബോർഡുകൾ സ്ഥാപിച്ചപ്പോൾ പൊലീസ്-മോട്ടോർ വെഹിക്കിൾ അധികാരികൾ ഇല്ലാതിരുന്നതാണ് തെറ്റായി സ്ഥാപിക്കാൻ ഇടയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

