പാടങ്ങളിൽ കരിഞ്ചാഴി ആക്രമണം രൂക്ഷം; ആശങ്കയോടെ കർഷകർ
text_fieldsകരിഞ്ചാഴിയുടെ ആക്രമണം രൂക്ഷമായ കുട്ടനാട്ടിലെ പാടശേഖരം
ആലപ്പുഴ: കുട്ടനാട്, അപ്പർകുട്ടനാട് പാടശേഖരങ്ങളിൽ രണ്ടാം കൃഷിയിറക്കിയ കർഷകരെ ദുരിതത്തിലാക്കി കരിഞ്ചാഴി ആക്രമണം അതിരൂക്ഷം. പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 25 ദിവസം വരെയായ രണ്ടാം നെല്‍കൃഷി പാടശേഖരങ്ങളിലാണ് നീരൂറ്റിക്കുടിക്കുന്ന ഈ കീടത്തിന്റെ സാന്നിധ്യമുള്ളത്. കൃഷി നാഷ്ടമുണ്ടാക്കുന്ന ഇവക്കെതിരെ ജാഗ്രത വേണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു.
നെൽച്ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന കരിഞ്ചാഴി
വെള്ളം കയറ്റിയിട്ട നിലങ്ങളില്‍ ഇലകളിലാണ് ഇത്തരം ചാഴികള്‍ കയറിയിരിക്കുക. അല്ലെങ്കില്‍ മണ്ണിലും ചെടികളുടെ ചുവടുഭാഗത്തുമായിരിക്കും കീടസാന്നിധ്യം കാണുക. നീരുറ്റിക്കുടിക്കുന്ന ഈ കീടം വദനഭാഗത്ത് ഇരുവശങ്ങളിലെ മുള്ളുകള്‍ കൊണ്ട് ഇലകളിലും നടുനാമ്പിലും മുറിവുകള്‍ ഉണ്ടാക്കി ഈ ഭാഗംവെച്ച് ഇലകള്‍ മുറിഞ്ഞുപോവുകവും നടുനാമ്പ് വാടിപ്പോവുകയും ചെയ്യും. കരിഞ്ചാഴി ഉണ്ടാക്കുന്ന മുറിവുകളിലൂടെ ഇലകരിച്ചിലിന് കാരണമായ ബാക്ടീരിയയുടെ വ്യാപനമുണ്ടാകും. ആക്രമണം കൂടുതലാകുന്ന സാഹചര്യത്തില്‍ ചെടികളില്‍ വളര്‍ച്ച മുരടിപ്പ്, മഞ്ഞളിപ്പ്, നടുനാമ്പുവാട്ടം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം.
നാശം നെൽച്ചെടികൾക്ക്
തണ്ടുതുരപ്പന്റെയും എലിവെട്ടിനും സമാനമായ ലക്ഷണങ്ങളാണ് കരിഞ്ചാഴി ആക്രമണത്തിലും കാണുന്നത്. കരിഞ്ചാഴികൾ നെൽച്ചെടികളുടെ നീര് ഊറ്റിക്കുടിച്ചാണ് നെൽച്ചെടികൾ നശിപ്പിക്കുന്നത്. ആദ്യം നെല്ലോലകൾ മഞ്ഞനിറത്തിലാകുകയും തുടർന്നു കരിഞ്ഞു പോവുകയുമാണ്. കൂട്ടത്തോടെയാണ് ഇവയുടെ ആക്രമണം.
കരിഞ്ചാഴിയുടെ ഇരുവശങ്ങളിലും മുള്ളുകൾ ഉള്ളതിനാൽ ഒരു ചെടിയിൽനിന്ന് മറ്റൊന്നിലേക്കു പോകുമ്പോൾ സമീപത്തുള്ള മറ്റു ചെടികളിൽ മുള്ളുകൾകൊണ്ട് പോറൽ ഏൽക്കുന്നതും നെൽച്ചെടികളുടെ നാശത്തിന് കാരണമാകും. പകൽ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന കീടങ്ങൾ രാത്രിയിലാണ് ചെടികളിൽനിന്ന് നിരൂറ്റിക്കുടിക്കുന്നത്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവരുടെ സാന്നിധ്യം കൂടുതൽ.
നിയന്ത്രണമാർഗം
കീടനാശിനി പ്രയോഗത്തിലൂടെ മാത്രമേ കരിഞ്ചാഴിയെ നശിപ്പിക്കാനാവൂ. കട്ടിയുള്ള തോടുകളുള്ളതിനാൽ കീടനാശിനികൾ സ്പ്രേ രൂപത്തിൽ തളിച്ചാൽ വേണ്ടത്ര ഫലം ലഭിക്കാറില്ല. കരിഞ്ചാഴിയുടെ ആക്രമണം രൂക്ഷമായ കൃഷിയിടങ്ങളിൽ ആദ്യം വെള്ളം കയറ്റിയിടുകയാണ് വേണ്ടത്. വെള്ളം കയറ്റുന്നതോടെ മണ്ണിടിയിൽനിന്ന് കരിഞ്ചാഴികൾ നെല്ലിലേക്ക് കയറും.
ചുവടുമുങ്ങും വിധം വെള്ളം കയറ്റിയിട്ടാല്‍ ചുവട്ടില്‍നിന്ന് ചാഴികള്‍ മുകളിലേക്ക് കയറും. ഇതുവഴി ചുവട്ടില്‍നിന്ന് നീരൂറ്റിക്കുടിക്കുന്നത് ഒഴിവാക്കാനാകും. മാത്രമല്ല, വെള്ളം കയറി ആറുമണിക്കൂറില്‍ കൂടുതല്‍ ചുവട്ടിലെ ഇലകള്‍ മുങ്ങിക്കിടന്നാല്‍ ഈ ഇലകളിലിട്ട മുട്ടക്കൂട്ടങ്ങള്‍ നശിക്കും. മുകളിലേക്ക് കയറുന്ന ചാഴികളെ പക്ഷികളും മറ്റും ആഹാരമാക്കും. ഇരപിടിയന്മാരായ തറവണ്ടുകള്‍, ആമവണ്ടുകള്‍ എന്നിവ മുട്ടക്കൂട്ടങ്ങളെ തിന്നു നശിപ്പിക്കും.
സാങ്കേതിക ഉപദേശം അനുസരിച്ചാണ് കീടനാശിനി പ്രയോഗം. ജൈവകൃഷി രീതികള്‍ അനുവര്‍ത്തിക്കുന്ന കൃഷിയിടങ്ങളില്‍ അസാഡിറക്ടിന്‍1 500 പി.പി.എം ഏക്കറിന് ഒരുലിറ്റര്‍ എന്ന തോതില്‍ തളിക്കണം. മെറ്റാറൈസിയം, ബെവേറിയ, മിത്രനിമാവിരകള്‍ എന്നിവ പ്രയോഗിച്ചും കീടസംഖ്യ നിയന്ത്രിക്കാം. ചെറുപ്രായത്തിലുള്ള നെൽച്ചെടികളാണെങ്കിൽ തരിരൂപത്തിലുള്ള കീടനാശിനികൾ കൃഷിയിടത്തിൽ വിതറുന്നത് ഗുണപ്രദമാണ്. തരിരൂപത്തിലുള്ള കീടനാശിനികള്‍ രാസവളത്തോടൊപ്പം ചേര്‍ത്ത് പ്രയോഗിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രാപ്തിക്ക് മിനുക്കം വെള്ളം കണ്ടത്തില്‍ നിലനിര്‍ത്തണം.
സാങ്കേതിക സഹായത്തിന്
നെടുമുടി - 8547865338
പുന്നപ്ര - 9074306585
കൈനകരി - 9961392082
ചമ്പക്കുളം - 9567819958
എടത്വ - 9633815621
തകഴി - 9496764141
പുളിങ്കുന്ന് - 9567819958
കരുവാറ്റ - 8281032167
അമ്പലപ്പുഴ - 9747731783
പുറക്കാട് - 9747962127
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

