പക്ഷിപ്പനി; സ്ക്വാഡ് രൂപവത്കരിച്ചു, 10 കിലോമീറ്ററിലെ പക്ഷികളെ നിരീക്ഷിക്കും
text_fieldsആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് വഴുതാനം പാടശേഖരത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ മുഴുവൻ കൊന്നൊടുക്കുന്നതിന് പുറമെ 10 കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ നിരീക്ഷിക്കും.
പള്ളിപ്പാട് സ്വദേശി അച്ചൻകുഞ്ഞിന്റെ 10,500ഉം തുളസീദാസിന്റെ 9,732 താറാവുമാണ് വഴുതാനം പടിഞ്ഞാറ് പാടശേഖരത്തിലുള്ളത്. ഒരാഴ്ചയായി രണ്ടായിരത്തഞ്ഞൂറോളം താറാവ് ചത്തു. സാമ്പിൾ പരിശോധന ഫലം ലഭിക്കാത്തത് കർഷകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. പാടശേഖരത്തിലുള്ള താറാവുകളെ കൂടാതെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആയിരത്തോളം പക്ഷികളെക്കൂടി കൊന്നൊടുക്കേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.
അതിനിടെ നെടുമുടിയിൽ താറാവിൻകുഞ്ഞുങ്ങൾ ചത്തത് ബാക്ടീരിയൽ രോഗം മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി. നെടുമുടി ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ മനു ഭവനിൽ പി.ബി. ബാബുവിന്റെ താറാവിൻകുഞ്ഞുങ്ങളാണ് മൂന്ന് ദിവസങ്ങളിലായി ചത്തത്. പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ ചത്ത താറാവിൻകുഞ്ഞുങ്ങളുടെ സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനയിൽ ബാക്ടീരിയൽ രോഗമാണ് കാരണമെന്ന് കണ്ടെത്തിയെന്നും മൂന്നു ദിവസങ്ങളിലായി 45 താറാവിൻകുഞ്ഞുങ്ങൾ ചത്തതായും അധികൃതർ അറിയിച്ചു. 11,000 താറാവുകളെയാണ് ബാബുവും സുഹൃത്തും ചേർന്ന് വളർത്തുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കാർത്തികപ്പള്ളി ഡെപ്യൂട്ടി തഹസിൽദാർ (ഡി.എം) എസ്. അനീഷ് കുമാറിന്റെ നേതൃത്വത്തിൽ താലൂക്കുതല സ്ക്വാഡ് രൂപവത്കരിച്ചു. കുട്ടനാട് താലൂക്കിലെ എടത്വ, തലവടി, തകഴി പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, മറ്റ് വളര്ത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിൽപനയും കടത്തലും നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നാലംഗ സ്ക്വാഡും രൂപവത്കരിച്ചു.
പള്ളിപ്പാട്, ഹരിപ്പാട്, കരുവാറ്റ, ചെറുതന, വീയപുരം വില്ലേജ് ഓഫിസർമാരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ്.
അടിയന്തര നടപടി സംബന്ധിച്ച് ചർച്ച ചെയ്യാൻ കലക്ടർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്, ഹരിപ്പാട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീവിവേക് തുടങ്ങിയവർ പങ്കെടുത്തു.