ജില്ലയിൽ പക്ഷിപ്പനി ബാധ നിയന്ത്രണത്തിലേക്ക്
text_fieldsആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മുഹമ്മ, കോടം തുരുത്ത് എന്നിവിടങ്ങളിൽ കാക്കകൾ ചത്തുവീണത് പക്ഷിപ്പനിബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ലാബ് റിപ്പോർട്ട് മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചു. പുതുതായി രോഗബാധ ഉണ്ടാകാത്തതിനാൽ നിലവിൽ രോഗം നിയന്ത്രണ വിധേയമായ അവസ്ഥയിലാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിൽ 10 പഞ്ചായത്തുകളിലായി 13 ഇടത്താണ് രോഗബാധയുണ്ടായത്. മുഹമ്മയിലും കോടംതുരുത്തിലും ഒഴികെ മറ്റെല്ലായിടത്തും കള്ളിങ് നടത്തി വൈറസുകളെ പൂർണമായും ഇല്ലാതാക്കി. മുഹമ്മയിലും കോടംതുരുത്തിലും പറവകളിലാണ് രോഗം കണ്ടെത്തിയത്. വളർത്തുപക്ഷികളിൽ രോഗമുണ്ടായാലാണ് പ്രഭവ കേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവിലെ എല്ലാ വളർത്തുപക്ഷികളെയും കൊന്ന് വൈറസുകളെ ഇല്ലാതാക്കുന്നത്. പറവകൾക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് അറിയാനാകാത്തതിനാലും അവയെ പിടികൂടുക ബുദ്ധിമുട്ടായതിനാലും കള്ളിങ് സാധ്യമല്ല. ചത്തുവീണിടം രോഗ കേന്ദ്രമായി കാണാനും കഴിയില്ല. അതിനാൽ അവിടങ്ങളിൽ കള്ളിങ് ഒഴിവാക്കി.
ദേശാടന പക്ഷികളുടെ ഏഷ്യയിലെ പ്രധാന സഞ്ചാര പാതയാണ് കുട്ടനാട്. അതിനാലാണ് ഇവിടെ രോഗബാധ ഇടക്കിടെ ഉണ്ടാകുന്നത്. കഴിഞ്ഞ തവണ ഒന്നിനുപിറകെ ഒന്നായി പലയിടത്തും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ കുറെ ദിവസങ്ങളായി പുതിയ റിപ്പോർട്ടുകൾ ഉണ്ടാകുന്നില്ല. കഴിഞ്ഞതവണത്തേതുപോലെ തീവ്രരോഗബാധ ഇത്തവണയില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. ബുധനാഴ്ച ജില്ലയിലെ എല്ലാ വെറ്ററിനറി ഡോക്ടർമാരുടെയും യോഗം ചേരുന്നുണ്ട്.
കള്ളിങ് അനിവാര്യം
കോഴികൾക്ക് രോഗബാധയുണ്ടായാൽ 100 ശതമാനവും ചത്തുപോകും. താറാവുകൾക്കായാൽ ചത്തുപോകുന്നവയുടെ എണ്ണം കുറവായിരിക്കും അവക്ക് അതിജീവന ശേഷി കൂടുതലാണ്.
അമ്പലപ്പുഴ സൗത്ത്, നെടുമുടി എന്നിവിടങ്ങളിലാണ് കോഴികളിൽ രോഗബാധയുണ്ടായത്. അവയെല്ലാം ചത്തുപോയി. താറാവുകൾ കൂട്ടത്തോടെ ചാകില്ലെങ്കിലും വൈറസ് അവയിൽ തങ്ങി നിൽക്കുമെന്നതിനാലാണ് എല്ലാത്തിനെയും കൊന്നൊടുക്കുന്നത്.
കള്ളിങ് നടത്തിയില്ലെങ്കിൽ വൈറസുകൾ അവയിൽ ജീവിക്കുമെന്നതിനാൽ രോഗബാധ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കും. ഇപ്പോൾ കള്ളിങ് നടത്തുന്നതിനാലാണ് നിശ്ചിത സമയപരിധി കഴിയുമ്പോൾ ജില്ലയാകെ രോഗമുക്തമായി എന്ന് പ്രഖ്യാപിക്കാനാകുന്നത്. കള്ളിങ് നടത്തുന്നത് ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ചാണ്.
കർശന അണുബാധ നിയന്ത്രണ നടപടികൾക്ക് നിർദേശം
കാക്കകൾ ചത്തയിടങ്ങളിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശന അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പൗൾട്രി ഫാമുകളിലും വിൽപന കേന്ദ്രങ്ങളിലും ഈ നിർദേശം നൽകിയിട്ടുണ്ട്. പുറത്തുനിന്നെത്തുന്ന ഒരാളെയും പക്ഷികളെ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് കയറ്റരുത്. അവിടേക്ക് പറവകൾ എത്താതിരിക്കാൻ സംവിധാനം ഒരുക്കണം, സാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾ പക്ഷികളെ പാർപ്പിച്ചിരിക്കുന്നിടങ്ങളിലേക്ക് എത്താതെ ശ്രദ്ധിക്കണം.
ഒരു ഫാമിൽ തീറ്റ, ചികിത്സ, മരുന്ന് എന്നിവ എത്തിച്ചവർ മറ്റ് ഫാമുകളിലും എത്താൻ പാടില്ല തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതുസംബന്ധിച്ച ലഘുലേഖകളുടെ വിതരണവും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

