പക്ഷിപ്പനി; വിദഗ്ധ സമിതി റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു
text_fieldsആലപ്പുഴ: ജില്ലയിൽ ഒരുമാസത്തിനിടെ വീണ്ടും പക്ഷിപ്പനി എത്തിയതോടെ കഴിഞ്ഞ വർഷം രോഗബാധ ഉണ്ടായപ്പോൾ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് ചർച്ചയാകുന്നു. അതിലെ ശിപാർശകൾ നടപ്പാക്കുന്നതിൽ അധികൃതർ കാട്ടിയത് കടുത്ത അലംഭാവം. പക്ഷിപ്പനി ഉണ്ടാകുമ്പോൾ താറാവ് വളർത്തുന്ന കർഷകരെ കുറ്റപ്പെടുത്തുകയാണ് മൃഗസംരക്ഷണ വകുപ്പും ത്രിതല പഞ്ചായത്തുകളും ചെയ്യുന്നത്. പരമാവധി സുരക്ഷയൊരുക്കി സംസ്ഥാനത്തിന്റെ തനത് ജൈവ മുട്ടയും ഇറച്ചിയും പ്രദാനം ചെയ്യുന്ന താറാവ് വളർത്തൽ പരിപോഷിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നില്ല. അതിനിടെ കള്ളിങ്ങിന്റെ ശാസ്ത്രീയതയും ചോദ്യം ചെയ്യപ്പെടുന്നു. പക്ഷിപ്പനി ബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാ വളർത്തുപക്ഷികളെയും കൊന്നെടുക്കുന്നുണ്ടെങ്കിലും രോഗബാധ നിയന്ത്രിക്കാനാകുന്നില്ല.
കഴിഞ്ഞവർഷം പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ 2025 മാർച്ചുവരെ പക്ഷി വളർത്തൽ നിരോധിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതനുസരിച്ച് അധികൃതർ നടപടി സ്വീകരിക്കുകയും താറാവ് വളർത്തൽ നാമമാത്രമാകുകയും ചെയ്തിരുന്നു. അന്ന് പക്ഷിപ്പനി തടയുന്നതിന് ഉടൻ നടപ്പാക്കേണ്ടവ, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ശിപാർശകൾ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നത്. അതിൽ ഉടൻ എന്ന ഗണത്തിൽപെടുന്നവ മാത്രമാണ് നടപ്പാക്കിയത്. മറ്റുള്ളവ അധികൃതർ അവഗണിച്ചു. റിപ്പോർട്ട് നടപ്പാക്കിയിരുന്നുവെങ്കിൽ രോഗബാധ മുൻകൂട്ടി അറിയാൻ കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമിതി നിർദേശിച്ച സമീപകാല പദ്ധതികൾ
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും (ബി.എൻ.എച്ച്.എസ്) മറ്റു എൻജികളുടെയും സഹായത്തോടെ വനം വന്യജീവി വകുപ്പിന്റെ അനുമതിയോടും കൂടി ദേശാടനപ്പക്ഷികളുടെയും വന്യപറവകളുടെയും സഞ്ചാരപഥം നിരീക്ഷിക്കുകയും അവയിൽനിന്ന് സാമ്പിൾ ശേഖരിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം
ഓരോ നാലുമാസം കൂടുമ്പോഴും സർക്കാർ സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശന നിർബന്ധിത ബയോസെക്യൂരിറ്റി ഓഡിറ്റിങ് നടത്തേണ്ടതാണ്
തൊഴിലാളികളുടെ ശുചിത്വവും ജൈവസുരക്ഷാ രീതികളും ഉറപ്പാക്കണം
കുട്ടനാട് മേഖലയിൽ സഞ്ചരിക്കുന്നതും ജൈവ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയതുമായ ഇറച്ചി സംസ്കരണ യൂനിറ്റുകൾ പ്രവർത്തനക്ഷമമാക്കുക
അംഗീകൃത അറവുശാലകൾക്ക് മാത്രം കോഴി/താറാവ് ഇറച്ചി സംസ്കരണത്തിന് ലൈസൻസ് നൽകുക
കോഴി താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കുക. അവയെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമാനുസൃതം സംസ്കരിക്കുക
കുട്ടനാട് മേഖലയിൽനിന്ന് പുറത്തുള്ള പഞ്ചായത്തുകളിലേക്ക് കോഴിയിറച്ചിയുടെയും മുട്ടയുടെയും വിൽപന പാടില്ല
ദേശീയ പഠന ഏജൻസികളുമായി ചേർന്ന് കേരളത്തിലെ പക്ഷിപ്പനിയെ കൂടുതൽ പാനങ്ങൾക്ക് വിധേയമാക്കുക
പഞ്ചായത്തുതലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, ആഭ്യന്തര വകുപ്പ്, വനം വന്യജീവി വകുപ്പ് എന്നീ വകുപ്പുകളെ ഏകോപിച്ച് ഏകാരോഗ്യ സമിതികൾ രൂപവത്കരിക്കുക.
ദീർഘകാല പദ്ധതികൾ
ദേശാടന പക്ഷികളിൽനിന്ന് അസുഖം പടരാൻ സാധ്യതയുള്ളതിനാൽ കുട്ടനാട് മേഖലയിൽ താറാവുകളെ പാടത്തും കായലിലും തുറന്നുവിട്ട് വളർത്തുന്ന രീതി മാറ്റി കൂടുകളിലും ഫാമുകളിലും വളർത്തുന്ന രീതി പ്രോത്സാഹിപ്പിക്കുക
പക്ഷിപ്പനി ബാധിതമേഖലകളിൽ കേന്ദ്ര-സംസ്ഥാന ഏകാരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി കർശനമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുക
വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പോലെയുള്ള മേഖലകളിലെ താറാവ് വളർത്തൽ കേന്ദ്രങ്ങളിലും ദേശാടനപ്പക്ഷികൾ തമ്പടിക്കുന്ന മേഖലകളിലും പക്ഷിപ്പനി വൈറസ് സാന്നിധ്യം നിലനിൽക്കുന്നതിന് സഹായകരമാകുന്ന ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സമഗ്രനിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക
കുട്ടനാട് മേഖലയിൽ അടിക്കടി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രധാന രോഗപ്രതിരോധ മാർഗങ്ങളിലൊന്നായ വാക്സിനേഷൻ നടത്തുന്നതിന് കേന്ദ്രാനുമതി വാങ്ങുകയും അത് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

