പക്ഷിപ്പനി: വളർത്തുപക്ഷി നിയന്ത്രണം നീങ്ങിയിട്ടും ദുരിതമൊഴിയാതെ താറാവ് കർഷകർ
text_fieldsആലപ്പുഴ: പക്ഷിപ്പനിക്ക് പിന്നാലെ വളർത്തുപക്ഷികളുടെ വളർത്തലിനും കടത്തിനും ഏർപ്പെടുത്തിയ നിയന്ത്രണവും നിരോധനവും പൂർണമായും നീങ്ങിയിട്ടും താറാവ് കർഷകർക്ക് ദുരിതം. ഒമ്പതുമാസം പിന്നിട്ടിട്ടും താറാവ്-കോഴി വളർത്തൽ കർഷകർക്ക് നഷ്ടപരിഹാരം കിട്ടാത്തതിനാൽ പുതിയ കുഞ്ഞുങ്ങളെ വാങ്ങി വളർത്താൻ കഴിയാത്ത സാഹചര്യമാണ്. ഇത് ഈ വർഷത്തെ ഈസ്റ്റർ, വിഷു വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. നേരത്തേ വായ്പയെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയ കർഷകരുടെ ജീവിതമാണ് ദുരിതത്തിലായത്. താറാവ് കർഷകർ ഉൾപ്പെടെ 900ലധികം പേർക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കാനുള്ളത്. ജില്ലയിൽ മാത്രം 2.64 കോടിയാണ് നൽകാനുള്ളത്.
കർഷകരുടെ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിട്ട് മൂന്നരമാസം പിന്നിട്ടു. എന്നാൽ, കേന്ദ്ര സർക്കാർ തുക അനുവദിച്ചെങ്കിലും സംസ്ഥാന വിഹിതം ഇതുവരെ നൽകിയിട്ടില്ല. രണ്ടുംകൂടി ഒന്നിച്ച് മാത്രമേ കൊടുക്കാവൂവെന്ന നിബന്ധനയാണ് തുക വിതരണത്തിന് തടസ്സസമാകുന്നത്. നഷ്ടപരിഹാരത്തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് നൽകേണ്ടത്.
പരമ്പരാഗത കർഷകരുടെ ഏക ഉപജീവനമാർഗമാണ് താറാവ് വളർത്തൽ. 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 40 സ്ഥലങ്ങളിലാണ് പക്ഷിപ്പനിയുണ്ടായത്. ഇതിൽ 28 എണ്ണവും ആലപ്പുഴ ജില്ലയിലാണ്. തുടർച്ചയായി രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ വിദഗ്ധ സംഘം ജില്ലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയത്. അതിൽ പ്രധാനം പക്ഷിപ്പനി രോഗബാധിത മേഖലകളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും 2024 ഡിസംബർ 31 വരെ പുതിയ പക്ഷികളെ വളർത്തുന്നത് നിരോധിച്ചു. ഇതിനൊപ്പം തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനകളിൽ സെപ്റ്റംബറിനു ശേഷം ഒരിടത്തും പക്ഷിപ്പനി കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരോധനം പൂർണമായും പിൻവലിച്ചത്.
എന്നാൽ, ഹാച്ചറികളിൽ ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനാൽ നിലവിൽ വളർത്താനാശ്യമുള്ള കോഴി, താറാവ് കുഞ്ഞുങ്ങൾ ഈ മേഖലകളിൽ ലഭ്യമല്ല. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി, നിരണം താറാവ് വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലടക്കം പക്ഷികളെ കിട്ടാത്ത സ്ഥിതിയുണ്ട്. കർഷകർക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുന്നത് ക്രിസ്മസ്-ന്യൂ ഇയർ, ഈസ്റ്റർ, വിഷു സമയങ്ങളിലാണ്. പുഞ്ചകൃഷി വിളവെടുപ്പിന് ഒരുമാസം മുമ്പെങ്കിലും കുഞ്ഞുങ്ങളെ എടുത്ത് വളർത്തിയാൽ മാത്രമേ കൃഷി വിളവെടുപ്പിനുശേഷം താറാവുകളെ പാടത്തിറക്കാൻ കഴിയൂ.
നഷ്ടപരിഹാരമില്ല; കർഷകരുടെ ഉപരോധസമരം നാളെ
ആലപ്പുഴ: പക്ഷിപ്പനിയുടെ പേരിൽ കൂട്ടത്തോടെ കൊന്നൊടുക്കിയ താറാവ്-കോഴി പക്ഷികളുടെ നഷ്ടപരിഹാരം മാസങ്ങൾ കഴിഞ്ഞിട്ടും നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഐക്യതാറാവ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 9.30ന് ജില്ല മൃഗസംരക്ഷണ ഓഫിസ് ഉപരോധസമരം നടത്തും.
കേന്ദ്ര സർക്കാർ വിഹിതമായ മൂന്നുകോടി രൂപ അനുവദിച്ചിട്ടും സംസ്ഥാന സർക്കാറിന്റെ വിഹിതം നൽകാത്തതാണ് പ്രശ്നം. ഇതുമൂലം കർഷകരുടെ ജീവിതം ദുരിതത്തിലാണ്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി ഡിസംബർ 31 വരെ ഏർപ്പെടുത്തിയ വളർത്തുപക്ഷികളുടെ നിരോധനം കൂടുതൽ പ്രതിസന്ധിയായി.
ഇതിനാൽ ഈവർഷത്തെ ഈസ്റ്റർ, വിഷു ആഘോഷ സീസണും നഷ്ടത്തിലാകും. പണം ലഭിക്കാത്തതിനാൽ മുട്ടവിരിയിച്ച് കുഞ്ഞുങ്ങളെ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നതിന് മുന്നോടിയായാണ് ഉപരോധസമരം. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ബി. രാജശേഖരൻ, സെക്രട്ടറി കെ. ശാമുവൽ, വൈസ് പ്രസിഡന്റ് ബിനോയി ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

