Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പക്ഷിപ്പനി; രോഗബാധിത മേഖലകൾ കേന്ദ്രസംഘം സന്ദർശിച്ചു

text_fields
bookmark_border
പഠനറിപ്പോർട്ട് കേന്ദ്രസർക്കാറിന് കൈമാറും
പക്ഷിപ്പനി; രോഗബാധിത മേഖലകൾ കേന്ദ്രസംഘം സന്ദർശിച്ചു
cancel

ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞമാസങ്ങളിൽ സ്ഥിരീകരിച്ച പക്ഷിപ്പനി ബാധിത മേഖലകളിൽ കേന്ദ്രസംഘം സന്ദർശിച്ചു. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡീസിസ് നിയോഗിച്ച പ്രിൻസിപ്പൽ സയന്‍റിസ്റ്റുമാരായ ഡോ. സി. തോഷ്, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴസംഗസംഘമാണ് പരിശോധന നടത്തിയത്. പഠനറിപ്പോർട്ട് കേന്ദ്രസർക്കാറിന് കൈമാറും.

ജില്ലയിൽ പക്ഷിപ്പനി ബാധിത മേഖലകളായ കരുവാറ്റ, നെടുമുടി, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാ‌ർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 40ലധികം സാമ്പിളുകൾ ശേഖരിച്ചു.

പാലോട് സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനക്കുണ്ടായിരുന്നു. ഇറച്ചിക്കടകളിലെ കത്തി, കട്ടിങ് ബോർഡ് എന്നിവിയിൽനിന്നുള്ള സാമ്പിൾ, ഇറച്ചി കഴുകിയ വെള്ളം, ദേശാടനപക്ഷികളുടെയും പറന്നുനടക്കുന്ന പക്ഷികളുടെയും കാഷ്ടം, പാടങ്ങളിലെ വെള്ളം എന്നിവയാണ് പ്രധാനമായും ശേഖരിച്ചത്. തഴക്കരയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പറന്നുനടക്കുന്ന കാക്ക അടക്കമുള്ള പക്ഷികളുടെ കാഷ്ഠവും ശേഖരിച്ചു. തിരുവല്ല മഞ്ഞാടി ലാബിലെ ഡോ. ദീപു, പാലോട് ജന്തുരോഗകേന്ദ്രത്തിലെ ഡോ. രാജീവ്, ഡോ. സുൽഫിക്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജില്ലയിലെ പരിശോധനക്കുശേഷം സംഘം ബുധനാഴ്ച രാവിലെ കോട്ടയം ജില്ലയിൽ പരിശോധന നടത്തും. രാവിലെ 7.30ന് കുമരകത്ത് പരിശോധന ആരംഭിക്കും. ശേഷം കോട്ടയം നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തും. ദേശാടന പക്ഷികൾ കുമരകത്ത് കൂടുതൽ എത്തുന്നതിനാൽ ഇവിടെ വിപുലമായ പരിശോധന ഉണ്ടാകും. 20ഓളം സാമ്പിളുകൾ കോട്ടയത്ത് നിന്ന് ശേഖരിക്കും.

പുതിയ വൈറസ് സാന്നിധ്യം പരിശോധിക്കും

ശേഖരിച്ച സാമ്പിളുകളിൽനിന്ന് പുതിയ വൈറസ് സാന്നിധ്യം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തും. ജില്ലയിൽ എച്ച്-5 എൻ-1 വൈറസാണ് കണ്ടെത്തിയത്. ഇതിൽനിന്ന് വ്യത്യസ്ഥമായ വൈറസ് സാന്നിധ്യമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കൂടാതെ മറ്റ് പക്ഷികളിൽ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നും ഇവയുടെ തീവ്രത എത്രയാണെന്നും പരിശോധന വിധേയമാകും.

തണ്ണീർത്തടങ്ങളിലെത്തുന്ന ദേശാടനപക്ഷികൾ, താറാവ് വിപണി, കോഴിഫാമുകൾ, നെൽവയലുകൾ എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും. മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള മാരകമായ എച്ച്5 എൻ1 വൈറസ് എങ്ങനെയാണ് എത്തിയതെന്നായിരിക്കും സംഘം പ്രധാനമായും പരിശോധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bird flu; Central team visits affected areas
Next Story