ഇത് ബിജുവിന്‍റെ വിജയഗാഥ; ഇംഗ്ലണ്ടിൽ ‘തിര’യായി മലയാളത്തിന്‍റെ രുചിക്കൂട്ട്
text_fieldsലണ്ടനിൽ ആരംഭിക്കുന്ന ‘തിര’ ഹോട്ടൽ സമുച്ചയം
അരൂർ: ഇംഗ്ലണ്ടിൽ മലയാളത്തിന്‍റെ രുചിപ്പെരുമയുമായി ‘തിര’ വളരുന്നു. അരൂർ സ്വദേശിയായ ബിജുവിന് മികച്ച ഭക്ഷണശാല തുടങ്ങുകയെന്നത് സ്വപ്നം മാത്രമായിരുന്നു. വിഭവസമൃദ്ധമായ സദ്യയടക്കം നൽകുന്ന റെസ്റ്റോറന്റ്റ്‍വിപുലീകരിച്ച് പുതിയ തട്ടകത്തിലേക്ക് മാറുന്നതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. 1996ൽ എറണാകുളം താജ് ഹോട്ടലിൽ ഷെഫായി ജോലിക്ക് പ്രവേശിച്ചതോടെ കൈവന്ന രുചികളുടെയും രസാനുഭവങ്ങളുടെയും യാത്ര അവസാനിക്കുന്നത് ലണ്ടനിലെ ഹാമ്മർ സ്മിത്ത് ലാൻ ക്യാഷിർ എന്ന സ്ഥലത്തെ ‘തിര സൗത്ത് ഇന്ത്യൻ റസ്റ്റോറന്‍റി’ലാണ്.
ബിജുമോൻ
100 പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന രൂപത്തിലേക്കാണ് ഇനിയുള്ള മാറ്റം. ഈ വർഷം അവസാനത്തോടെ ‘തിര ഓതന്‍റിക്ക് കേരള റസ്റ്റോന്‍റ്’ എന്ന പേരിൽ പുതിയ ഹോട്ടൽ സമുച്ചയത്തിലേക്ക് മാറുകയാണ്. അതിന്റെ കാത്തിരിപ്പിലാണ് ബിജുവും കുടുംബവും. കേരള വിഭവങ്ങളായ കുത്തരിച്ചോറും കറികളും പായസവും പപ്പടവും ഉൾപ്പെടെ ‘തിര’യിൽ ലഭിക്കും. ദോശ, മസാല ദോശ, നെയ്റോസ്റ്റ് എന്നിവക്കൊപ്പം ചൈനീസ്, യൂറോപ്യൻ, കോണ്ടിനെന്‍റൽ വിഭവങ്ങളുമുണ്ട്. മലയാളത്തിന്‍റെ രുചി തൊട്ടറിയാൻ വിദേശികളടക്കം നിരവധിപേരാണ് എത്തുന്നത്.
മലയാളത്തിന്‍റെ പാചകരുചി ആസ്വദിക്കാൻ ‘ തിര’യിലെത്തിയ വിദേശികൾ
ലണ്ടനിലെത്തി ഏഴുവർഷത്തിനുശേഷമാണ് സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങണമെന്ന ആഗ്രഹമുണ്ടായത്. പഴയ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടിയ നിലയിൽ കണ്ടെത്തി. അത് വാടകക്കെടുത്ത് സംരംഭം തുടങ്ങി. പിന്നീട് പേരിനുവേണ്ടിയായി ആലോചന. ലണ്ടനിൽ പുതുമയുള്ള പേര് വേണം. അങ്ങനെയാണ് ‘തിര’ മനസ്സിലെത്തിയത്. 2016 ഏപ്രിലിൽ ‘തിര സൗത്ത് ഇന്ത്യൻ റെസ്റ്റോറന്‍റ്’ തുടങ്ങി. തുടക്കം അത്ര എളുപ്പമായിരുന്നില്ല. പാചകത്തിന്‍റെ വലിയൊരുഭാഗം ഒറ്റക്കാണ് ചെയ്തിരുന്നത്. തുടക്കത്തിൽ റെസ്റ്റോറന്‍റിൽ കാര്യമായ തിരക്കില്ലായിരുന്നു. ഭക്ഷണം തയാറാക്കുന്നതും അടുക്കളയിലെ മറ്റ് ജോലികളും എല്ലാംകൂടി അതികഠിനമായി. അപ്പോഴാണ് ഭാര്യ ശാരി ഒപ്പംചേരുന്നത്. അടുക്കള ജോലി മുതൽ പേപ്പർ വർക്കുകൾവരെ എല്ലാ കാര്യത്തിലും ശാരി കൂടെനിന്നു.
താജിലെ 11 വർഷങ്ങൾ ലോക രുചികളുടെ പാചകക്കാരനായി ബിജുവിനെ പാകപ്പെടുത്തി. ഭക്ഷണവ്യവസായത്തെക്കുറിച്ച് സകലതും പഠിച്ചത് താജിൽനിന്നാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം, അടുക്കളയിലെ ക്രമീകരണം, ശുചിത്വം, ജോലി ചെയ്യേണ്ട രീതി, ടീം വർക്ക്, ഉപഭോക്താക്കളെ എങ്ങനെ പരിഗണിക്കണം എന്നതടക്കം കാര്യങ്ങൾ പഠിച്ചു. ഇതിനിടെ തിരക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചു. 2024ലും 2025ലും ബെസ്റ്റ് സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് വിഭാഗത്തിലും 2018ൽ ബെസ്റ്റ് കറി റെസ്റ്റോറന്റ്, ഇംഗ്ലീഷ് കറി വിഭാഗങ്ങളിലും അവാർഡ് തേടിയെത്തി. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമത്തിൽ കളത്തനാട്ട് വീട്ടിൽ ശങ്കരപ്പിള്ളയുടെയും രാധാമണിയുടെയും മകനാണ്. ഭാര്യ ശാരിയും മക്കളായ വിശാൽ കൃഷ്ണൻ, വിനയ് കൃഷ്ണ, വിവേക് കൃഷ്ണ എന്നിവരും സഹായത്തിനായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

