ഭോപാൽ അപകടം; കനോയിങ്-കയാക്കിങ് ദേശീയതാരങ്ങൾക്ക് യാത്രാമൊഴി ഭോപാൽ അപകടം; കനോയിങ്-കയാക്കിങ് ദേശീയതാരങ്ങൾക്ക് യാത്രാമൊഴി
text_fieldsആലപ്പുഴ: ഭോപാലിൽ വാഹനാപകടത്തിൽ മരിച്ച കനോയിങ്-കയാക്കിങ് ദേശീയ താരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി-രഞ്ജിനി ദമ്പതികളുടെ മകൻ ഐ.എ. അനന്തകൃഷ്ണൻ (അനന്തു-19), കൈനകരി തോട്ടുവാത്തല പഴയാറ്റിൽ രഘുനാഥ്-ജീജാമോൾ ദമ്പതികളുടെ മകൻ വിഷ്ണു രഘുനാഥ് (ഉണ്ണി-26) എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് വീട്ടിലെത്തിയത്.
തിങ്കളാഴ്ച രാവിലെ 8.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ നാവികസേന ആസ്ഥാനത്ത് അന്തിമോപചാരം അർപ്പിച്ചശേഷമാണ് ആലപ്പുഴയിലെ വീടുകളിൽ എത്തിച്ചത്. നാവികസേന ഉദ്യോഗസ്ഥർ അനന്തുവിന്റെ ഔദ്യോഗിക യൂനിഫോം മാതാപിതാക്കളെ ഏൽപിച്ചപ്പോൾ ചുറ്റുംകൂടി നിന്നവരും വിങ്ങിപ്പൊട്ടി. ചെറുപ്രായത്തിൽതന്നെ അനന്തു നാട്ടിലുണ്ടാക്കിയ സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും തെളിവായിരുന്നു ചെറിയ വീടിന് ചുറ്റുംകൂടിയ നാട്ടുകാർ. രണ്ടുമാസം മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്. ശനിയാഴ്ചയും വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. പ്രളയത്തിൽ തകർന്നശേഷം പുതുക്കിപ്പണിത വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായ ഉണ്ണിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പിതാവും രഘുവും മാതാവ് ജീജമോളും അലമുറയിട്ടാണ് കരഞ്ഞത്. അവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കുമായില്ല. ഭോപാലിൽ ഒരുമാസം മുമ്പ് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലടക്കം സ്വർണമെഡൽ നേടിയ താരമാണ് വിഷ്ണു രഘുനാഥ്. 2015ൽ കയാക്കിങ് മത്സരത്തിൽ കേരളത്തിനുവേണ്ടി വെള്ളി മെഡൽ നേടിയാണ് കരിയർ തുടക്കം. 2017ൽ നേവിയുടെ ഭാഗമായി.
പിന്നീടുള്ള എല്ലാ നാഷനൽ മീറ്റിലും സ്വർണ മെഡൽ ജേതാവായി. ജർമനിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയേന്തി. പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലി കിട്ടിയിട്ടും തുഴച്ചിലിനോടുള്ള താൽപര്യത്തിലാണ് നേവിയിൽ ചേർന്നത്. അടുത്തിടെ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിനുള്ള സർവിസസ് ടീമിൽ സെലക്ഷൻ നേടി പരിശീലനത്തിനിടെയായിരുന്നു അപകടം. നെഹ്റു ട്രോഫി ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ (പി.ബി.സി) തുഴച്ചിൽ താരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

