പട്ടി ഉണ്ട്, സൂക്ഷിക്കുക; ഇത് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ
text_fieldsആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലെ തെരുവുനായ്ക്കൾ
ആലപ്പുഴ: ഇത് ആലപ്പുഴ റെയിൽവെ സ്റ്റേഷൻ... നായുടെ കടിയേൽക്കാതെ സൂക്ഷിക്കുക’ -ട്രെയിൻ വിവരങ്ങൾക്കൊപ്പം ഇങ്ങനെയൊരു അറിയിപ്പുകൂടി യാത്രക്കാർക്ക് ഇനി നൽകേണ്ടിവരും. അത്രക്ക് ദുരിതമാണ് അവർ അനുഭവിക്കുന്നത്. ഞായറാഴ്ച രാവിലെ 9.45ന് പാസഞ്ചറിൽ എറണാകുളത്തേക്ക് യാത്രക്കെത്തിയ ആലപ്പുഴ സ്വദേശി അർഷാദാണ് (22) ഏറ്റവും ഒടുവിലത്തെ ഇര. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കെവെയാണ് അർഷാദിന്റെ കാലിൽ നായ കടിച്ചത്.
കാലിൽ കാര്യമായ മുറിവേറ്റ യുവാവ് പിന്നീട് ചികിത്സതേടി. സംഭവം കണ്ട ശുചീകരണ തൊഴിലാളികൾ എത്തി കാലിൽ സോപ്പ് ഉപയോഗിച്ച് കഴുകി. സ്റ്റേഷൻ മാസ്റ്റർ ഓഫിസിലെത്തി യുവാവ് പരാതി നൽകുകയും ചെയ്തു. സ്റ്റേഷനിലും പരിസരത്തും നായയുടെ വിളയാട്ടമാണ്. ഏതാനും നാൾ മുമ്പാണ് കോഴിക്കോട്ടേക്ക് ട്രെയിൻ കാത്തുനിന്ന യുവഡോക്ടർക്കും എറണാകുളത്തേക്ക് ഇന്റർവ്യൂവിന് പോകാനെത്തിയ മണ്ണഞ്ചേരി കാവുങ്കൽ പങ്കപ്പറമ്പിൽ അജിത്തിനും (20) കടിയേറ്റത്. പ്ലാറ്റ്ഫോമിലെ കസേരയിലിരിക്കുമ്പോൾ അറിയാതെ പിന്നിലൂടെ എത്തി കാലിൽ കടിക്കുകയായിരുന്നു. നായ് ആക്രമണം വർധിച്ചിട്ടും ഇതൊന്നും കണ്ടഭാവം അധികൃതർക്കില്ല.
പ്ലാറ്റ്ഫോമിലും വിശ്രമമുറിയിലും ടിക്കറ്റ് കൗണ്ടറിന് മുന്നിലും നായ്ക്കൂട്ടം വിലസുകയാണ്. ചിലത് കുരച്ചുകൊണ്ട് യാത്രക്കാർക്കുനേരെ പാഞ്ഞടുക്കുന്നത് പതിവ് കാഴ്ചയാണ്. എന്നിട്ടും റെയിൽവേ അധികൃതർക്ക് ഒരുകുലുക്കവുമില്ല. കടിയേൽക്കുന്നവർ പരാതി നൽകി മടങ്ങുകയല്ലാതെ പ്രയോജനവുമില്ല. ആർ.പി.എഫും പൊലീസുമൊക്കെ ആവശ്യത്തിന് ഡ്യൂട്ടിക്കുണ്ടെങ്കിലും പ്ലാറ്റ്ഫോമിൽനിന്ന് നായ്ക്കളെ ഓടിച്ചുവിടാൻപോലും ആരും ധൈര്യപ്പെടാറില്ല. സ്റ്റേഷനിലും പരിസരത്തും പകൽരാത്രി വ്യത്യാസമില്ലാതെ കറങ്ങിനടക്കുന്ന നായ്ക്കൂട്ടം അപ്രതീക്ഷിതമായാണ് ആക്രമിക്കുന്നത്.
അത്യാവശ്യ യാത്രക്കായി എത്തുന്നവർ നായയുടെ കടിയേറ്റ് ആശുപത്രിയിലേക്ക് മടങ്ങേണ്ട ഗതികേടിലാണ്. ചിലപ്പോൾ യാത്രക്കാരുടെ പിന്നാലെ ഓടി വരും. നായ്ക്കളെ പിടികൂടുന്നതിന്റെ ഉത്തരവാദിത്തം ജില്ല ഭരണകൂടത്തിനാണോ ആലപ്പുഴ നഗരസഭക്കാണോ റെയിൽവേക്കാണോയെന്ന് ചോദിച്ചാൽ ആർക്കും ഉത്തരവുമില്ല. എതായാലും യാത്രക്കാരോട് ഒന്നേപറയാനുള്ളു., സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം......
ഉത്തരവാദിത്തം ഏറ്റെടുക്കാതെ അധികൃതരുടെ ഒളിച്ചുകളി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

