ആലപ്പുഴ: കടലോരക്കാഴ്ചകളും രുചിഭേഭങ്ങളുമായി കുടുംബശ്രീ ഒരുക്കിയ 'കടലോരം' ഫുഡ്ഫെസ്റ്റിന് തിരക്കേറെ. കടപ്പുറത്തെ വലിയ സ്ക്രീനിൽ ഐ.എസ്.എൽ ഫുട്ബാൾ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി നിറഞ്ഞാടിയവരും മൊബൈൽഫോൺ തെളിച്ചാണ് 'ജയപ്രതീക്ഷകൾ' അവസാനംവരെ നിലനിർത്തിയത്. സ്വപ്നം പെനാൽറ്റി ഷൂട്ടൗട്ട് തകർന്നതോടെ ആരാധക്കൂട്ടം കണ്ണീരോടെയാണ് മടങ്ങിയത്. ഞായറാഴ്ച രാത്രി ബീച്ചിൽ ആവേശപ്പൂരം തീർത്ത് ആയിരങ്ങൾ തടിച്ചുകൂടിയതോടെ ഫുഡ്ഫെസ്റ്റും ആഘോഷമായി. ഇതിന്‍റെ ഭാഗമായി കഴിഞ്ഞദിവസം നടത്തിയ പാതിരാപ്പൂരവും ബീച്ചിനെ ഇളക്കിമറിച്ചാണ് കടന്നുപോയത്. വിവിധ കലാകായിക പരിപാടികളോടെയും വനിതകളുടെ ഫുട്ബാൾ മത്സരത്തോടെയും മുന്നേറിയ പൂരത്തിൽ പങ്കാളികളാകാൻ ആയിരങ്ങളാണ് എത്തിയത്.
ആലപ്പുഴ ബീച്ചിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന കടലോരം ഫുഡ്ഫെസ്റ്റിൽനിന്ന്
സ്ത്രീപക്ഷ നവകേരളം കപ്പിനായുള്ള സെവൻസ് ഫുട്‌ബാളും ആവേശത്തിരയുയർത്തി. കുടുംബശ്രീയുടെ 30 വനിത ഫുട്ബാൾ ടീമുകളാണ് ഏറ്റുമുട്ടിയത്. താമരക്കുളം പഞ്ചായത്ത് ബി ടീം ഒന്നാം സ്ഥാനവും ഭരണിക്കാവ് പഞ്ചായത്ത് ടീം രണ്ടാം സ്ഥാനവും നേടി. ആഘോഷരാവിന്റെ ആഹ്ലാദം ഇരട്ടിപ്പിച്ച് 'ഒരുത്തീ' എന്ന സിനിമയിലൂടെ വീണ്ടും സജീവമായ ചലച്ചിത്ര താരം നവ്യ നായരുമെത്തി. വനിത ചെണ്ടമേളവും നാടൻപാട്ടും ആഘോഷത്തിന് മാറ്റുകൂട്ടി. ജില്ലയിലെ ആറ് ബഡ്സ് സ്ഥാപനങ്ങളിൽനിന്നുള്ള 20ലധികം കുട്ടികൾ അണിനിരന്ന കലാപരിപാടികളും നടന്നു. എച്ച്. സലാം എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ആറുദിവസം നീണ്ട ഫുഡ്ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും. വൈകീട്ട് ഏഴിന് ചേരുന്ന സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപനത്തിന് മുന്നോടിയായി വൈകീട്ട് ആറിന് ദൃശ്യഗോപിനാഥിന്‍റെ ഓട്ടൻതുള്ളലും നടക്കും.
താരമായി 'ചതിക്കാത്ത സുന്ദരിക്കോഴി'
ആലപ്പുഴ: നാടൻ രുചി മുതൽ ചൈനീസ് വിഭവങ്ങൾവരെ കിട്ടുമെന്നതിനാണ് ആലപ്പുഴക്കാരെ കുടുംബശ്രീ ഫുഡ്ഫെസ്റ്റിലേക്ക് ആകർഷിക്കുന്നത്. 'ചതിക്കാത്ത സുന്ദരിക്കോഴി'യും ഷാജി പാപ്പന്റെ ആട് സൂപ്പുമാണ് പ്രധാനതാരം.
പ്രകൃതിയുടെ തനത് രുചിക്കൂട്ടുകൾക്കൊണ്ടുണ്ടാക്കുന്ന ചതിക്കാത്ത സുന്ദരിക്കോഴി എണ്ണ ഉപയോഗിക്കാതെയാണ് പൊള്ളിച്ചെടുക്കുന്നത്. അതിനാൽ ആരോഗ്യത്തെ 'ചതിക്കില്ല' എന്നരീതിയിലാണ് ഈ പേരിട്ടിരിക്കുന്നത്. 120 രൂപയാണ് വില.
കുടുംബശ്രീ ജില്ല മിഷന് കീഴിലെ 10 കേറ്ററിങ് യൂനിറ്റുകളും 16 സൂക്ഷ്മസംരംഭങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. നാടൻ ഭക്ഷണങ്ങളായ വട്ടയപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, അരിപ്പത്തിരി, പായസം തുടങ്ങിയ പഴമയുടെ തലയെടുപ്പോടെ വിളമ്പുന്നുണ്ട്. കൂടാതെ കാന്താരി ചിക്കൻ, മുട്ടപ്പുട്ട്, മോമോസ്, വിവിധതരം ജ്യൂസുകൾ, ചക്കകൊണ്ടുള്ള വിഭവങ്ങൾ തുടങ്ങിയവയെല്ലാം മേളയിലെ താരങ്ങളാണ്. ഇവക്കുപുറമെ കപ്പ ബിരിയാണി, വിവിധയിനം ഫ്രൈഡ് റൈസുകൾ, തലശ്ശേരി ബിരിയാണി എന്നിവയാണ് ആകർഷകം. കിഴിപൊറോട്ട, കിഴി ബിരിയാണി, ദംബിരിയാണി, ഇടിയപ്പം, പൊറോട്ട, കക്കയിറച്ചി, കപ്പ തുടങ്ങിയവമുണ്ട്. കൂടാതെ ചായയുടെ വ്യത്യസ്തതയും ചെറുകടികളുടെ രൂചിഭേദങ്ങളുമുണ്ട്.