യാത്രക്കാരുടെ ശ്രദ്ധക്ക്....നായ്ക്കളുടെ കടിയുറപ്പ്
text_fieldsആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ഭീഷണിയായ തെരുവുനായ്ക്കൾ
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനിൽ എത്തുന്നവർ ശ്രദ്ധിക്കുക....നായയുടെ കടിയേറ്റ് ചിലപ്പോൾ യാത്ര ലക്ഷ്യത്തില്‍ എത്തണമെന്നില്ല. പ്ലാറ്റ്ഫോമിൽ വിലസുന്നത് തെരുവുനായ്ക്കളുടെ കൂട്ടമാണ്. ആര്‍ക്കും ഏതുനിമിഷവും നായയുടെ കടിയേല്‍ക്കാമെന്നാണ് സ്ഥിതി. അപ്രതീക്ഷിതമായി കടിയേറ്റ് യാത്ര അവസാനിപ്പിക്കേണ്ടിവന്ന നിരവധി പേരുണ്ട്. കഴിഞ്ഞ എട്ടുമാസത്തിനിടെ നായ്ക്കളുടെ കടിയേറ്റത് 35ലധികം പേർക്കാണ്. പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്നവർക്ക് ട്രെയിൻ വൈകുമോയെന്ന ആശങ്കയേക്കാൾ നായ കടിക്കുമോയെന്ന ഭയമാണ്. അത്രയധികം തെരുവ് നായ്ക്കളാണ് റെയിൽവേ സ്റ്റേഷനിലുള്ളത്. യാത്രക്കാർക്കും ട്രെയിനിനും നേരെ പാഞ്ഞടുക്കുന്ന 10ലധികം നായ്ക്കൾ സ്ഥിരമായുണ്ട്.
പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ അടുക്കുമ്പോഴുള്ള ഹോൺ ശബ്ദമാണ് നായ്ക്കളെ പരിഭ്രാന്തരാക്കുന്നത്. ഈ സമയത്ത് പ്ലാറ്റ്ഫോമിലേക്ക് അടുക്കുമ്പോൾ ട്രെയിനിന് പിറകെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടും. ഇതുമൂലം ട്രെയിനിൽ നിന്ന് യാത്രക്കാർക്ക് ഇറങ്ങാനും കയറാനും ഭയമാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്റ്, ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ എന്നിവയുടെ പരിസരങ്ങൾ ഇവയുടെ താവളമാണ്. നായ്ക്കളുടെ ശല്യം ഭയന്നാണ് സ്റ്റേഷനിലെ ജീവനക്കാർ ജോലിചെയ്യുന്നത്.
യാത്രക്കാര്‍ക്ക് ഒരു സുരക്ഷയും സ്റ്റേഷനിലില്ല. നായ കടിച്ചുകീറിയാല്‍ പരാതി നല്‍കാമെങ്കിലും പ്രയോജനമൊന്നുമില്ല. ഇക്കാര്യത്തില്‍ ഒരുത്തരവാദിത്വവും ഇല്ലെന്ന മട്ടിലാണ് റെയില്‍വേയുടെ പെരുമാറ്റം. നഗരപാതകളിലും പൊതുസ്ഥലങ്ങളിലും കടിയേറ്റാല്‍ നഗരസഭക്കാണ് ഉത്തരവാദിത്വം. എന്നാല്‍, സ്വന്തം സ്ഥലമായ പ്ലാറ്റ്‌ഫോമിലെ നായ്ക്കളെ തുരത്താന്‍ റെയില്‍വേക്ക് ഉത്തരവാദിത്വമില്ലേയെന്നാണ് യാത്രക്കാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

