കുന്നംകുളം: കുന്നംകുളത്ത് ജ്വല്ലറി ഉൾപ്പെടെ പലയിടത്തും ഷട്ടർ തകർത്ത് മോഷണശ്രമം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കായംകുളം കീരിക്കാട് വേരുവള്ളി ഭാഗ്യം മാടവനാട് കിഴക്കേതിൽ വീട്ടിൽ നൗഷാദിനെയാണ് (ഷട്ടർ നൗഷാദ് -47) തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി ബാബു കെ. തോമസ്, കുന്നംകുളം എ.സി.പി ടി.എസ്. സിനോജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയാണ് കുന്നംകുളം സ്റ്റേഷൻ പരിധിയിൽ മൂന്നിടത്ത് മോഷണശ്രമം നടന്നത്. കുന്നംകുളം താഴത്തെപാറയിൽ സ്വപ്ന ജ്വല്ലറി, കേച്ചേരി എസ്.ഡി മൊബൈൽസ് ആൻഡ് ഹോം ഗാലറി, കല്ലുംപുറത്തെ സ്റ്റേഷനറി കട എന്നിവിടങ്ങളിലാണ് ഷട്ടർ പൊളിച്ചും ചില്ല് തകർത്തും മോഷ്ടിക്കാൻ ശ്രമം നടത്തിയത്. മഴുവഞ്ചേരി ധനേഷിെൻറ ഉടമസ്ഥതയിലുള്ള കേച്ചേരിയിലെ കടയിൽ മോഷണശ്രമം നടത്തുന്നതിനിടെ ചില്ലിൽ തട്ടി പ്രതിയുടെ കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് മുറിവ് പറ്റി ചികിത്സ തേടിയവരെക്കുറിച്ച അന്വേഷണമാണ് നൗഷാദിലേക്ക് എത്തിയത്.
പ്രതി ആറുമാസം മുമ്പാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അവിടെനിന്ന് പരിചയപ്പെട്ട കണ്ണൂർ സ്വദേശി അലി അക്ബറുമൊത്താണ് പിന്നീട് മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.