കാട്ടൂരിൽ ശ്രീനാരായണഗുരു മന്ദിരത്തിനുനേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
text_fieldsആക്രമണം നടന്ന കാട്ടൂർ ശ്രീനാരായണഗുരു മന്ദിരം
മാരാരിക്കുളം: കാട്ടൂർ കോർത്തുശ്ശേരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ശ്രീനാരായണഗുരു മന്ദിരത്തിനുനേരെ ആക്രമണം. മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകർത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ക്ഷേത്രത്തിന് മുന്നിൽ കാട്ടൂർ കോർത്തുശ്ശേരി 506ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഗുരുമന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ച പുലർച്ചയാണ് നാട്ടുകാർ ഇത് കാണുന്നത്.
സമീപവാസി കണ്ണുള്ളിശ്ശേരി എസ്. ശ്രീജിത്തിനെയാണ് (32) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക വൈകല്യമുള്ള ഇയാളെ സി.സി ടി.വി ദൃശ്യങ്ങളിലൂടെയാണ് കണ്ടെത്തിയതെന്ന് മണ്ണഞ്ചേരി സി.ഐ നിസാമുദ്ദീൻ പറഞ്ഞു. ഗുരുമന്ദിരത്തിലേക്കുള്ള വഴിയുടെ ഭാഗത്തെ ഹിൽ ഗേറ്റ് മാറ്റിയ നിലയിലും കാണിക്കമണ്ഡപത്തിന്റെ ഭാഗം തകർത്ത നിലയിലുമായിരുന്നു. റോഡരികിൽ സ്ഥാപിച്ച എസ്എൻ.ഡി.പി യോഗത്തിന്റെ കൊടിമരവും ഒടിച്ചു. ക്ഷേത്രത്തിന് പടിഞ്ഞാറ് എസ്.എൻ.ഡി.പി 6212ാം നമ്പർ ശാഖയുടെ കൊടിമരവും കാട്ടൂരിന് സമീപം ആർ.എസ്.എസിന്റെ കൊടിമരവും നശിപ്പിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് എസ്.എൻ.ഡി.പി യോഗം യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ രാത്രി സെക്യൂരിറ്റി ഇല്ലാത്തതിനാൽ പ്രതിയെ കണ്ടെത്താൻ പ്രയാസമായിരുന്നു. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് സമീപവാസിയായ യുവാവ് അതിക്രമം നടത്തുന്നത് കണ്ടത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.
അതിക്രമം നടത്തിയ ശേഷം രാത്രിതന്നെ ഇയാൾ കീഴടങ്ങാൻ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചുപോന്നതായും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്.എൻ.ഡി.പി പ്രതിഷേധ സമ്മേളനം യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഹരിദാസ്, കെ.പി. പരീക്ഷിത്ത്, വിഷ്ണു സുരേന്ദ്രൻ, ശാഖ പ്രസിഡന്റ് മോഹൻദാസ് പണിക്കർ, സെക്രട്ടറി വിനയകുമാർ, ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

