നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസും തയാറാവുന്നു
text_fieldsആലപ്പുഴ: നിയമസഭ തെഞ്ഞൈടുപ്പിന് കോൺഗ്രസും യു.ഡി.എഫും തയാറാവുന്നു. എസ്.ഐ.ആർ നടപടികൾ കഴിഞ്ഞാലുടൻ പ്രചാരണ പരിപാടികളിലേക്ക് കോൺഗ്രസ് കടക്കും. വോട്ട് വിട്ടുപോയവരെ ചേർക്കുന്ന ജോലികളിലാണ് ഇപ്പോൾ പ്രവർത്തകർ നടത്തുന്നത്. ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കലക്ടറെ രണ്ടുതവണ കണ്ട് എസ്.ഐ.ആറിലെ ആശങ്കകൾ അറിയിച്ചിരുന്നു.
ആശങ്കപ്പെടേണ്ടെന്നും നിയമപ്രകാരമുള്ള എല്ലാ പരിരക്ഷയും നൽകുമെന്നും കലക്ടർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കരസ്ഥമാക്കിയ വിജയം ആഘോഷിക്കുന്നതിനായി വിജയോത്സവം എന്ന പരിപാടി സംഘടിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് തയാറാകുന്നതിന് തുടക്കം കുറിക്കുന്ന പരിപാടിയായി അത് മാറും.
എല്ലാ നിയോജക മണ്ഡലങ്ങളിലും കെ.പി.സി.സി ഭാരവാഹികളായ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് തയാറെടുപ്പുകളുടെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്.
കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച ജില്ലയിലെ നേതാക്കൾ യോഗം ചേർന്ന് സഥിതിഗതികൾ വിലയിരുത്തി. പോരായ്മകൾ കണ്ടെത്തി അടിയന്തര ഇടപെടലുകൾ നടത്താൻ നേതാക്കളെ യോഗം ചുമതലപ്പെടുത്തി. ഫെബ്രുവരി ഒന്നു മുതൽ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലേക്ക് പാർട്ടി ഒന്നടങ്കം മാറും.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ അനുബന്ധമായി ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകൾക്ക് മുന്നിലേക്കും മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. അതിന് പിന്നാലെ സംഘടനാപരമായ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥ ഫെബ്രുവരി 25ന് ജില്ലയിൽ എത്തും
പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥ ഫെബ്രുവരി 25, 26 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. ജാഥക്ക് സ്വീകരണം ഒരുക്കാനുള്ള ചർച്ചകൾക്കായി കോൺഗ്രസ് പോഷക സംഘടനകളുടെ യോഗങ്ങൾ ചേർന്നുതുടങ്ങി. ജാഥ സമാപിച്ച് കഴിഞ്ഞാലുടൻ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തിറക്കും. ജാഥ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തും. വിപുലമായ സ്വീകരണ പരിപാടികൾ ഓരോ നിയമസഭ മണ്ഡലങ്ങളിലും നടക്കും.
നിയമസഭ മണ്ഡലങ്ങളിലെ ചുമതലക്കാർ
ഓരോ നിയമസഭ മണ്ഡലത്തിലെയും ചുമതലക്കാരെ നിച്ചയിച്ചു. കെ.പി.സി.സി ഭാരവാഹികൾക്കാണ് ചുമതല. അരൂർ- ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ- ജോബ്, ചേർത്തല- എ.എ. ഷുക്കൂർ, അമ്പലപ്പുഴ- എം. ലിജു, ഹരിപ്പാട്- കോശി എം. കോശി, കായംകുളം- കെ.പി. ശ്രീകുമാർ, ചെങ്ങന്നൂർ- അഡ്വ. ഇ. ഷെമീർ, മാവേലിക്കര- സി.കെ. ഷാജിമോൻ, കുട്ടനാട്- കറ്റാനം ഷാജി എന്നിവരാണ് ചുമതലക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

