അരൂർ-കുമ്പളങ്ങി ബോട്ട് ചങ്ങാടത്തിന് രേഖകൾ ഇല്ലെന്ന്
text_fieldsസർവിസിന് അരൂരിൽ എത്തിച്ച ബോട്ട് ചങ്ങാടം
അരൂർ: അരൂർ-കുമ്പളങ്ങി ബോട്ട് ചങ്ങാടം ഇൻഷുറൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതെ സർവിസ് നടത്തിയത് ദിവസങ്ങളോളം. ഏപ്രിൽ ഒന്നുമുതലാണ് പുതിയ കരാർ നിലവിൽ വന്നത്. കുമ്പളങ്ങി ഗ്രാമപഞ്ചായത്തായിരുന്നു കടത്ത് സർവിസ് കരാർ കൊടുത്തത്.
അരൂർ കെൽട്രോൺ-കുമ്പളങ്ങി ബോട്ട് കെട്ടിവലിക്കുന്ന ചങ്ങാടം സർവിസ് നടത്തിയത് മതിയായ രേഖകളില്ലാതെയാണെന്ന് പരാതി ഉയർന്നതിനുശേഷവും അരൂരിൽ സർവിസ് തുടർന്നു. വിവരം അറിഞ്ഞിട്ടും അന്വേഷിക്കാൻ അരൂർ പഞ്ചായത്ത് അധികാരികളും തയാറായില്ല. ഇപ്രാവശ്യം കടത്ത് സർവിസ് നടത്താനുള്ള ഊഴം കുമ്പളങ്ങി പഞ്ചായത്തിനാണെന്ന് പറഞ്ഞ് ഒഴിവാക്കുകയാണുണ്ടായത്.
ഒടുവിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് സജീവ് ആന്റണി പഞ്ചായത്ത് സെക്രട്ടറിയോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടതിനു ശേഷമാണ് ചങ്ങാടം മാറ്റാൻ കരാറുകാരൻ തയാറായത്. കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിൽ നേരെകടവ്-മാക്കേകടവ് ചങ്ങാട സർവിസ് നടത്തുകയായിരുന്ന ചങ്ങാടം രേഖകളില്ലാത്തതും ഇൻഷുറൻസ് ഇല്ലാത്തതുമാണെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഹൈകോടതി സർവിസ് റദ്ദാക്കിയിരുന്നു. ഈ ചങ്ങാടമാണ് അരൂരിൽ സർവിസ് നടത്താൻ ഏപ്രിൽ അവസാനത്തോടെ കൊണ്ടുവന്നത്.
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ബന്ധപ്പെടാൻ നിരവധിതവണ ശ്രമിച്ചെങ്കിലും മീറ്റിങ്ങിലാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഒടുവിൽ പ്രതിപക്ഷ നേതാവ് കർശനമായി രേഖകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് ചങ്ങാടം മാറ്റാൻ നടപടി ഉണ്ടായത്.
അനധികൃത ചങ്ങാട സർവിസിന്റെ പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.
സാധാരണ സർവിസ് അവസാനിപ്പിച്ച് കുമ്പളങ്ങി തീരത്ത് കെട്ടിയിടുന്ന ബോട്ട് ചങ്ങാടം, കഴിഞ്ഞ രണ്ടുദിവസമായി അരൂർ തീരത്ത് സർവിസ് അവസാനിപ്പിക്കുന്നതും നാട്ടുകാരിൽ സംശയമുളവാക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ സർവിസ് നടത്തുന്ന ജലയാനങ്ങളുടെ രേഖകളും മറ്റും കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതിൽനിന്ന് ഒഴിവാകാനാണ് കരമാറിയുള്ള ലാൻഡിങ്ങത്രേ. അരൂർ മേഖലയിലെ സർവിസ് നടത്തുന്ന മുഴുവൻ ജലയാനങ്ങളും പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

